കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ തന്നെ പാർട്ടിയിലെ എംപിമാർ. 28ന് മുമ്പ് ട്രൂഡോ രാജിവയ്‌ക്കണമെന്നാണ് 24 ലിബറൽ പാർട്ടി എംപിമാർ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഭരണപരാജയം വിശദീകരിക്കുന്ന കത്തും എംപിമാർ ട്രൂഡോയ്ക്ക് കൈമാറി. പ്രധാനമന്ത്രിപദത്തിൽ ഒമ്പത് വർഷം പിന്നിട്ട ട്രൂഡോ രാജിവെയ്ക്കണമെന്നും ഇനി മത്സരിക്കരുതെന്നുമാണ് പ്രധാന ആവശ്യം.
ജനപ്രീതി നഷ്ടമായ ട്രൂഡോ പിൻമാറണമെന്നും എങ്കിൽ മാത്രമേ പാർട്ടിക്ക് വരുന്ന തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടാവുകയുള്ളൂ എന്നുമാണ് എംപിമാരുടെ നിലപാട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിച്ചതുപോലുള്ള സ്വീകാര്യത ട്രൂഡോയുടെ രാജിയോടെ ലിബറൽ പാർട്ടിക്ക് ലഭിക്കുമെന്നും എംപിമാർ പറയുന്നു.
എന്നാൽ മന്ത്രിസഭായോഗം ട്രൂഡോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അടുത്ത വർഷം ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ നേതൃത്വത്തിൽത്തന്നെ ലിബറൽ പാർട്ടി മത്സരിക്കുമെന്ന് മന്ത്രിസഭാ യോഗം വിശദീകരിച്ചു.
കാനഡയിൽ കഴിഞ്ഞ 100 വർഷത്തിനിടെ തുടർച്ചയായി നാല് തവണ വിജയിച്ച പ്രധാനമന്ത്രിയാണ് ട്രൂഡോ. 2013 മുതൽ അദ്ദേഹം ലിബറൽ പാർട്ടിയെ നയിക്കുന്നു. എന്നാൽ ലിബറൽ പാർട്ടിയുടെ പ്രധാന മേഖലകളായിരുന്ന ടൊറൻ്റോയിലും മോൺട്രിയേലിലും തെരഞ്ഞെടുപ്പുകളിൽ പാർട്ടി തിരിച്ചടി നേരിട്ടിരുന്നു. ഇതിനെത്തുടർന്നാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തെക്കുറിച്ച് ലിബറൽ പാർട്ടിയിൽ മുറുമുറുപ്പുണ്ടായത്. പോളിംഗിലുണ്ടായ കുറവും പാർട്ടിക്ക് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത നഷ്ടപ്പെടുന്നതും ആശങ്കയായി.
അതേസമയം ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രതർക്കം രൂക്ഷമായി തുടരുകയാണ്.
Liberal Party MPs have urged Canadian Prime Minister Justin Trudeau to resign before the 28th, citing declining popularity and electoral setbacks. Amid internal party dissent, Cabinet continues to back Trudeau’s leadership ahead of the 2025 election.