നാട്ടിൽ വീടുണ്ടാക്കി വിദേശത്ത് താമസിക്കുന്നവരാണോ നിങ്ങൾ? ഇടയ്ക്കിടെ വീട്ടിൽ മറ്റാരും താമസിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിക്കോളൂ. കൊച്ചിയിൽ പ്രവാസിയുടെ വീട്ടിൽ അനധികൃതമായി താമസിച്ചത് മുപ്പതോളം ആളുകളാണ്. സംഭവം പുറത്തറിഞ്ഞതാകട്ടെ ഏറെ വൈകിയും. ഈ സാഹചര്യത്തിൽ നാട്ടിൽ വീട് പണിത് വിദേശത്ത് താമസിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ആദ്യമായി തൊട്ടയൽപ്പക്കത്ത് ഉള്ളവരോടെങ്കിലും വിവരം പറഞ്ഞു വേണം വിദേശത്തേക്ക് പോകാൻ. ബന്ധുക്കൾ മിക്കവരും വീട്ടിൽ നിന്ന് അകലത്തിൽ കഴിയുന്നവരാകാം. അത് കൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ അയൽപക്കക്കാരുടെ സഹായമാണ് കൂടുതൽ ഉചിതം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബന്ധപ്പെടാനായി നിങ്ങളുടെ വിദേശത്തെ നമ്പറും അവർക്ക് നൽകാം. അധികൃതരേയും കൃത്യമായി കാര്യം ധരിപ്പിക്കണം. പൊലീസ്, വൈദ്യുതി വകുപ്പ്, വാട്ടർ അതോറിറ്റി തുടങ്ങിയവരുമായി ബന്ധപ്പെടണം. കൊച്ചിയിലെ വീട്ടിൽത്തന്നെ അനധികൃത തമസക്കാർ ഉണ്ട് എന്ന് മനസ്സിലാക്കാനായത് കറൻ്റ് ബിൽ വഴിയാണ്.
ഇനി നഗരങ്ങളിലൊക്കെ അയൽപ്പക്ക വീടുകൾ ഇല്ലാത്ത ഇടത്താണ് വീടെങ്കിൽ ബന്ധുക്കളോടെ ഇടയ്ക്കിടെ വീട് പരിശോധിക്കാൻ പറയുക. ആവശ്യമെങ്കിൽ കോംപൗണ്ട് ഗെയിറ്റിന്റേയും വീടിന്റേയും താക്കോൽ വിശ്വസ്തരായ ബന്ധുക്കളെ ഏൽപ്പിക്കാം. മൂന്ന് മാസം കൂടുമ്പോഴെങ്കിലും അവരോട് വീട് പരിശോധിക്കാൻ പറയുക. ആൾപ്പെരുമാറ്റം ഇല്ലാത്തത് കൊണ്ട് വീടിനുണ്ടാകുന്ന കേടുപാടുകൾക്കും ഇത് പരിഹാരമാകും.
ദൂരെയിരുന്നും ദൃശ്യങ്ങൾ കാണാവുന്ന തരത്തിലുള്ള സിസിടിവി ക്യാമറകൾ പോലുള്ളവയും ഉപയോഗിക്കാവുന്നതാണ്. അസ്വാഭാവിക സംഭവങ്ങൾ ഉണ്ടാകുമ്പോൾ മെയിൽ-ഫോൺ വഴി അലർട്ട് ലഭിക്കുന്ന സംവിധാനങ്ങൾ ഇപ്പോൾ മാർക്കറ്റിൽ സുലഭമാണ്. ഇത്തരം ഗാഡ്ജറ്റുകൾ ഉപയോഗിക്കുന്നത് അത് കൊണ്ട് തന്നെ ഏറെ ഗുണം ചെയ്യും.
മറ്റൊരു പോംവഴി വീട് വാടകയ്ക്ക് കൊടുക്കുന്നതാണ്. വീട് പൂട്ടിയിട്ടാൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ ഇതുമൂലം ഇല്ലാതാകുന്നതിനൊപ്പം നല്ലൊരു സംഖ്യ മാസവരുമാനമായും ലഭിക്കും. എന്നാൽ വരുന്ന വാടകക്കാർ എത്തരക്കാരാണെന്ന് അന്വേഷിച്ചു വേണം വീട് വാടകയ്ക്ക് കൊടുക്കാൻ. അല്ലെങ്കിൽ ഇത് വിപരീത ഫലം ചെയ്യും.
Discover essential safety tips for expatriates who own homes in their home country. Learn how to protect your property from illegal occupation and ensure its upkeep while living abroad.