ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ ഇന്ത്യക്കാരുടെ ജോലിനഷ്ട സാധ്യത സൂചിപ്പിച്ച് അന്താരാഷ്ട്ര പഠനം. കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിദേശ തൊഴിലാളികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് പൗരൻമാരുടെ വൈദഗ്ധ്യം ഉയർത്തി ഇരുരാജ്യങ്ങളും സ്വദേശിവത്കരണത്തിന് വേഗം കൂട്ടുന്നതായി നിരീക്ഷണമുള്ളത്. ഉയർന്ന വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികളിൽ ഇപ്പോഴുള്ള അന്യരാജ്യ തൊഴിലാളികൾക്ക് ജിസിസി രാജ്യങ്ങളിൽ വൻ തോതിൽ നടക്കുന്ന ഓട്ടോമേഷനുകളിലൂടെ തൊഴിൽ നഷ്ടം സംഭവിക്കുമെന്നും നെതർലാൻഡ്സിലെ യൂനിവേഴ്സിറ്റി ഓഫ് ഗ്രൊനിൻഗൻ നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിൽ സ്വദേശിവത്കരണം വലിയ തോതിൽ ബാധിച്ച് തുടങ്ങിയിട്ടില്ല. എന്നാൽ സമീപഭാവിയിൽത്തന്നെ ഇത്തരം ജോലികളിലും സ്വദേശിവത്കരണം ശക്തമാകും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തൊഴിലാളികളേയും പ്രൊഫഷനലുകളേയും കുവൈത്ത്, സൗദി സ്വദേശിവത്കരണം പ്രതികൂലമായി ബാധിക്കും. യൂറോപ്പ്യൻ രാജ്യങ്ങളിൽ ഇപ്പോൾ വർക് ഫോഴ്സ് കുറവാണെന്നും എന്നാൽ ഗൾഫ് രാജ്യങ്ങളിൽ സ്വദേശി ജോലിക്കാരുടെ എണ്ണം ആവശ്യത്തിലധികം ഉണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉത്പാദനക്ഷമതയുടെ കാര്യത്തിൽ അന്യരാജ്യ തൊഴിലാളികൾ സ്വദേശികളേക്കാൾ മുൻപന്തിയിലാണെന്നും പഠനം വിലയിരുത്തുന്നു.
2024ലെ കണക്ക് പ്രകാരം സൗദിയിൽ മാത്രം 25 ലക്ഷത്തിലധികം ഇന്ത്യക്കാർ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നുണ്ട്. കുവൈത്തിന്റെ ആകെ തൊഴിൽ സമൂഹത്തിന്റെ 25 ശതമാനവും ഇന്ത്യക്കാരാണ്. അത് കൊണ്ട് തന്നെ ഇത്തരമൊരു മാറ്റം ഇന്ത്യക്കാരെ വലിയ രീതിയിൽ ബാധിക്കും.
An international study reveals that Saudi Arabia and Kuwait’s shift towards upskilling local workers could reduce the demand for migrant labour, especially in skilled sectors. This presents medium to long-term risks for countries like India that rely on remittances from the Gulf.