ടാറ്റ എങ്ങിനെയാണ് തുടങ്ങിയത്?
കണ്ടതെല്ലാം സുന്ദരം, കാണാത്തത് അതിസുന്ദരം എന്ന് പറയാറില്ലേ? ലോകോത്തരമായ സൃഷ്ടികളല്ലാം അങ്ങനെയാണ്. കാണെക്കാണെ പുതിയ തലങ്ങളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ചിലതുണ്ട്. അതിലൊനാനാണ് ടാറ്റ എന്ന അത്ഭുതം. ലോകത്തിന് ഗുണമുള്ളവരെ സൃഷ്ടിക്കുക ഗുരുത്വമുളള കുടുംബമോ മഹത്വമുള്ള കാരണവന്മാരോ ആകും എന്ന് പറയാറില്ലേ. അതിന് ഏറ്റവും മികച്ച ഒരേ ഒരു ഉദാഹരണം ഇന്ത്യൻ പശ്ചാത്തലത്തിൽ പറഞ്ഞാൽ ജംഷഡ്ജി ടാറ്റയാണ്. ഒരുപക്ഷേ അദ്ദേഹം നമ്മുടെ രാജ്യം സ്വതന്ത്രമാകുന്ന കാലത്ത് ജീവിച്ചിരിക്കുകയും, ഈ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകുകയും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. അത്രമാത്രം തീവ്രമായ വികസന ബോധവും രാജ്യതാൽപര്യവും സഹാനുഭൂതിയും ഇന്നവേറ്റീവായ ആശയങ്ങളും അത് നടപ്പാക്കാനുള്ള ഇശ്ചാശക്തിയും ഒരു നൂറ്റമ്പത് വർഷം മുമ്പ് പ്രകടമാക്കിയ ജംഷ‍്ഡി ടാറ്റ! ഇറാനിയിൻ പ്രവാചകനായ സൊറോസ്റ്ററിന്റെ പിൻഗാമി. ഇന്നത്തെ ഇറാൻ!
പഴയ പേർഷ്യ, അവിടെ ഉയിർകൊണ്ട വിശ്വാസസമൂഹം, പേർഷ്യൻസ് എന്ന് അർത്ഥം വരുന്ന പാർസി! ആ പാർസി സമുദായത്തിലെ പുരോഹിത കുടുംബത്തിൽ ജനിച്ച ജംഷഡിജിക്ക് എങ്ങനെ ലോകത്തെ ഏറ്റവും ആരാധ്യനും എക്കാലത്തേയും ലെജന്ററിയുമായ സംരംഭകനാകാനായി. എങ്ങനെയാണ് ഇന്ന് നാം കാണുന്ന ടാറ്റ 33 ലക്ഷം കോടി മാർക്കറ്റ് വാല്യുവിലേക്ക് വളർന്നത്? ഓർക്കണം, പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മൊത്തം ജിഡിപി-വാല്യുവിനേക്കാൾ
എത്രയോ മുകളിലാണ് ടാറ്റ എന്ന ഒരൊറ്റ ഇന്ത്യൻ വ്യവസായ സാമ്രാജ്യത്തിന്റെ മാർക്കറ്റ് ക്യപിറ്റലൈസേഷൻ!
എങ്ങനെയാണ് ഈ വ്യവസായ മഹാവൃക്ഷം തുടങ്ങിയത്? ഇതന്വേഷിക്കാൻ പ്രേരിപ്പിക്കുന്നത് ആരാണെന്നറിയുമോ, മറ്റാര്, ഒരുമാസം മുമ്പ് മറഞ്ഞുപോയ ആ നക്ഷത്രം, രത്തൻ ടാറ്റ!
രത്തൻ ടാറ്റയുടെ മഹത്വവും മാന്യതയും അനുകരിക്കാനാകാത്ത ലാളിത്യവും കുലീനതയും അന്വേഷിക്കുമ്പോഴൊക്കെ ചെന്നെത്തിനിൽക്കുന്നത് അദ്ദേഹത്തിന്റെ വേരുകളിലാണ്! ജംഷഡ്ജി ടാറ്റയിലാണ്. 150 വർഷങ്ങൾക്കിപ്പുറവും സൂര്യതേജസ്സോടെ, ലോകത്തെ സംരംഭങ്ങളിൽ തലയെടുപ്പുള്ള വടവൃക്ഷമായി നിൽക്കുന്ന ബ്രാൻഡാക്കാൻ ടാറ്റയ്ക്ക് ബീജാവാപം നൽകിയ കാലപുരുഷൻ! എന്തേ ഇത്രഗാംഭീര്യം ആ പേരിന്? നമുക്കൊക്കെ കാലം അനുവദിച്ച് തന്ന അതേ ആയുസ്സേ ജംഷഡ്ജിക്കും ഉണ്ടായുള്ളൂ, അതേ ബുദ്ധിയും അതേ ശരീരവും അതേ മനസ്സും മാത്രം ഉണ്ടായിരുന്ന ഒരാൾ. നാം ഇന്നാസ്വദിക്കുന്ന സൗകര്യങ്ങളോ, ടെക്നോളജിയോ, സ്വാതന്ത്ര്യമോ, സാമൂഹിക സാഹചര്യമോ ഇല്ലാതിരുന്ന ഒരാൾ! എന്നിട്ടും ആ മനുഷ്യൻ കാട്ടിവെച്ച ഇന്ദ്രജാലത്തിന്റെ പേരാണ് ടാറ്റ! ആ മനുഷ്യന്റെ ജൈവസാദ്ധ്യത്തിന്റേ ഉൽപ്പന്നമാണ് രത്തൻ ടാറ്റ!
ലോകത്തെ ഏറ്റവും വലിയ ജീവകാരുണ്യ ഫണ്ട്
ലോകത്തെ എക്കാലത്തേയും ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തകൻ ജംഷഡ്ജിടാറ്റ ആണ്! ലോകത്തെ, എക്കാലത്തേയും എന്നാണ് പറഞ്ഞത്, മനസ്സിലായില്ലേ? മനുഷ്യരെ ഭരിച്ചും കൊന്നൊടുക്കിയും രാജ്യവും ഭൂഖണ്ടങ്ങളും വെട്ടിപ്പിടിച്ച് ഇവിടം അടക്കിവാണ രാജാക്കന്മാരുടെ ചരിത്രം പഠിച്ച നമ്മളൊന്നും, പക്ഷെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിത്തെ അർത്ഥവത്താക്കിയ മനുഷ്യന്റെ പേര് പഠിച്ചില്ല. അഥവാ പഠിപ്പിച്ചില്ല. എട്ടര ലക്ഷം കോടിയാണ് ജംഷ‍്ജി ടാറ്റ ദാനധർമ്മങ്ങൾക്കായി ചിലവഴിച്ചത്. 1892-ൽ തുടങ്ങിയതാണ് ഈ പുണ്യപ്രവർത്തികൾ! കമ്പനികളും സംരഭകരും ഫിലാന്ത്രഫി എന്ന വാക്ക് ഉച്ചരിക്കാൻ പഠിക്കും മുമ്പേ ജംഷഡ്ജി ടാറ്റ തുടങ്ങിവെച്ച ദാനപാഠങ്ങൾ!
160 വർഷം മുമ്പ്, നമ്മുടെ രാജ്യം ബ്രിട്ടിഷ് ഭരണത്തിന് കീഴിൽ അടിമകോളനിയായിരുന്ന കാലം. സ്വന്തം അസ്ഥിത്വവും കഴിവും നമ്മുടെ ശക്തിയും മറന്നുപോയ സമയം. അക്കാലത്താണ്, ഇറാനിൽ നിന്ന് ഇവിടെയെത്തി, ഈ രാജ്യത്തിന്റെ പുത്രനായി, ജംഷ‍്ഡജി ടാറ്റ ലോകത്തെ ഞെട്ടിച്ച് കളഞ്ഞത്, അതും തികഞ്ഞ ഇന്ത്യക്കാരനായി!
തുടക്കം ട്രേഡിംഗ് കമ്പനിയായി
1868-ൽ അദ്ദേഹം ഒരു ട്രേഡിംഗ് കമ്പനി തുടങ്ങി. ടാറ്റ എന്ന ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ Alexandra Mill ലാഭത്തോടെ എക്സിറ്റ് ചെയ്ത അദ്ദേഹം നാഗ്പാൂരിൽ Empress Mill സ്ഥാപിച്ച് ടെക്സ്റ്റയിൽ സംരംത്തിന്റെ അടുത്ത പടിയിലേക്ക് കടന്നു.
ഇതിനുള്ള പ്രചോദനം യൂറോപ്പിലേക്കും ചൈനയിലേക്കും അക്കാലത്ത് ജംഷഡ്ജി നടത്തിയ യാത്രകളായിരുന്നു. സീനിയർ ക്ലാർക്കിന് 25 രൂപ മാസ ശമ്പളമുള്ള സാമ്പത്തിക സാഹചര്യത്തിൽ 21,000 രൂപയുടെ മൂലധനവുമായി സംരഭത്തിനിറങ്ങിയ ജംഷഡ്ജി ടാറ്റ പിന്നെക്കുറിച്ചതെല്ലാം, മനുഷ്യനായി പിറന്ന ഒരാൾക്കും ഒരുകാലത്തും തകർക്കാനും തിരുത്താനും പറ്റാത്ത കാൽവെയ്പുകളായിരുന്നു.
കൃത്യമായ ആസൂത്രണത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ നഗരം ഏതെന്നറിയുമോ? ജംഷഡ്പൂർ! ഝാർഖണ്ടിലുള്ള ജംഷ‍്ഡ്പൂർ എന്ന ആ വികസിത നഗരം പണിതത് ജംഷഡ്ജിടാറ്റയാണ്. ഇന്ത്യയിലെ ആദ്യ പവർ പ്രോജക്റ്റ് ജംഷഡ്ജി ടാറ്റ തുടങ്ങിയതാണ്. രാജ്യത്തിന്റെ ആദ്യ സ്റ്റീൽ കമ്പനി ജംഷഡ്ജി ടറ്റ തുടങ്ങിയതാണ്. എന്തിന്, രാജ്യത്തെ ആദ്യത്തെ 5 സ്റ്റാർ ഹോട്ടൽ, ദ താജ് മഹൽ പാലസ് എന്ന താജ് ഹോട്ടൽ ജംഷ‍്ജി ടാറ്റ നിർമ്മിച്ചതാണ്.
താജ് എന്ന അത്ഭുതം
ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിക്കുന്നതിനും മുന്നേ അറബിക്കടലിന്റെ തീരത്ത് ഇന്ത്യയുടെ മഹാസൗധമായി ജംഷഡ്ജി പണികഴിപ്പിച്ച താജ്. ഈ ഹോട്ടൽ അത്ഭുതങ്ങളുടെ കലവറയാണ്, അന്നും ഇന്നും.
ബോംബെയിൽ ആദ്യമായി ഒരു കെട്ടിടത്തിൽ കറന്റ് എത്തിയത് ടാജിലാണ്. ഇന്ത്യയിൽ ആദ്യമായി ഐസ് ഉണ്ടാക്കുന്ന മെഷീൻ ടാജിലായിരുന്നു. ആദ്യത്തെ സോഡാ മേക്കർ, ആദ്യത്തെ ലിഫ്റ്റ്, ആദ്യത്തെ ജനറേറ്റർ, ആദ്യത്തെ മെക്കനൈസ്ഡ് ലോൻ്ട്രി മെഷീൻ, ആദ്യത്തെ പോളിഷിംഗ് മെഷീൻ ഇതെല്ലാം താജ് ഹോട്ടലിലൂടെയാണ് ഇന്ത്യ കണ്ടത്. 1903-ൽ!. ഇതിനെല്ലാമുപരി, താജ് ഹോട്ടലിന്റെ അന്നത്തെ പ്രത്യേകത എന്തായിരുന്നെന്നോ, ഏതൊരു ഇന്ത്യക്കാരനും തല ഉയർത്തി അഭിമാനത്തോടെ കടന്നുചെല്ലാവുന്ന, ആരും തടഞ്ഞ് നിർത്തുകയോ, ഇന്ത്യക്കാരനായതുകൊണ്ട് പ്രവേശനം നിഷേധിക്കുകയോ ചെയ്യാത്ത ഇന്ത്യയുടെ സ്റ്റാർ ഹോട്ടൽ! അതായിരുന്നു താജ്. ജംഷഡ്ജി ടാറ്റയുടെ താജ്. 4 കോടി 20 ലക്ഷം രൂപയായിരുന്നു ടാജ് ഹോട്ടലിന് അന്ന് നിർമ്മാണ ചിലവ്. 1903-ലെ കാര്യമാണെന്ന് ഓർക്കണം. അമേരിക്കയിൽ നിന്ന് ഇംപോർട്ട് ചെയ്ത ഫാൻ, ജർമ്മൻ ഇലവേറ്റർ, ബാത്ത് ഫിറ്റിംഗുകളും മറ്റും തുർക്കിയിൽ നിന്ന്, പ്ലേറ്റുകളും കപ്പും സോസറും മറ്റും ഇംഗ്ലണ്ടിൽ നിന്ന്.. ലോകത്തെ ഏറ്റവും ലക്ഷൂറിയസായ ഹോട്ടലാണ് അന്നും ഇന്നും ടാജ്! ജംഷഡ്ജി ടാറ്റ എന്ന മനുഷ്യന്റെ ആ വിഷ്വലൈസേഷൻ പവറ് എന്തായിരിക്കണം അപ്പോ? താജ് ഹോട്ടലിനെക്കുറിച്ച് ജംഷ‍്ജി ടാറ്റ പ്ലാൻ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും വിലക്കി. അക്കാലത്ത് ഹോട്ടലിന് എന്ത് സ്കോപ്പ് എന്നാണ് എല്ലാവരും ചോദിച്ചത്. ശരിക്കും നിങ്ങൾ ഭക്ഷണം കഴിക്കാനുള്ള കെട്ടിടം ഉണ്ടാക്കാൻ പോവുകയാണോ- ഇതായിരുന്നു സഹോദരിയുടെ പോലും ചോദ്യം. പക്ഷെ ജംഷഡ്ജിക്ക് ഒരു സംശയവുമുണ്ടായില്ല, താജ് പിറന്നത് അങ്ങനെയാണ്!
ടാറ്റയ്ക്ക് വരുമാനം വന്ന് തുടങ്ങിയ ടെക്സ്റ്റയിൽസ് മിൽ
നാഗ്പൂരിലായിരുന്നു ടെക്സ്റ്റയിൽസ് തുടങ്ങിയത്. ടെക്നോളജിയും സാമൂഹിക ഉത്തരവാദിത്വവും മനുഷ്യരോടുള്ള കരുണയും സ്വയം പരീക്ഷിക്കാനുള്ള ലബോറട്ടറിയായിരുന്നു ജംഷഡ്ജി ടാറ്റയ്ക്ക് ആ മില്ല്. ഒന്നര നൂറ്റാണ്ടുമുമ്പ് അക്കാലത്തെ ആധുനിക മെഷീനുപയോഗിച്ചുള്ള നെയ്ത്ശാലയായയിരുന്നു നാഗ്പൂരിലെ The Empress Mill.
നെയ്തിൽ പുതിയ ട്രെൻഡുകൾ രാജ്യം കണ്ടത് ജംഷഡ്ജിയുടെ മില്ലിലൂടെയാണ്. മറ്റുചില കാര്യങ്ങൾ ലോകം പഠിച്ചതും ആ മില്ലിലൂടെയായിരുന്നു, ഇടുങ്ങിയതും വായുസഞ്ചാരം കുറവുമുള്ള മുറികളിൽ തൊഴിലാളികളെ കുത്തിനിറച്ച് പണിയെടുപ്പിക്കുന്ന അക്കാലത്ത് നിറയെ വായുസഞ്ചാരമുള്ള വലിയ ഫാക്ടറിയാണ് അദ്ദേഹം പണിതത്.
തെഴിലാളികൾക്കായി അദ്ദേഹം പെൻഷൻ ഫണ്ടും ഗ്രാറ്റുവിറ്റിയും നടപ്പാക്കി. തൊഴിലിൽ നിന്ന് പിരിഞ്ഞാലും തൊഴിലാളികൾക്കുള്ള സാമ്പത്തിക പിന്തുണ! അതുപോലെ ആക്സിഡന്റ് കോംപെൻസേഷൻ! മറ്റുള്ളവർക്ക് വിചിത്രമായി തോന്നിയ കാര്യങ്ങളായിരുന്നു ഇതെല്ലാം. തൊഴിലാളികൾ അടിമകളാണെന്നും അവരെ ഊറ്റിയെടുത്തും ചൂഷണം ചെയ്തും ലാഭം വർദ്ധിപ്പിക്കണമെന്ന മാനസികാവസ്ഥ ലോകത്തെ എല്ലാ ബിസിനസ്സുകാരിലും മുഴച്ച് നിന്ന കാലത്താണ് തൊഴിലാളികളും മനുഷ്യരാണെന്നും വരുമാനത്തിന്റേയും ലാഭത്തിന്റേയും പങ്ക് അവർക്കും അവകാശപ്പെട്ടതാണെ ന്നും ജംഷഡ്ജി ലോകത്തിന് കാണിച്ചുകൊടുത്തത്. ഇതൊന്നുമല്ല, ആ മനുഷ്യൻ കാലത്തിന് മുന്നേ ചിന്തിച്ചതിനും ദൈവീകമായ കയ്യൊപ്പ് നെറുകയിൽ നേടിയവനാണെന്നും ഉള്ളതിന്റെ തെളിവ്! ടെക്സ്റ്റയിൽ മില്ലുകളിൽ കൂടുതലും സ്ത്രീ തൊഴിലാളികളായിരുന്നു. ജോലിക്കിടയിൽ വിശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു, അല്ല, അതുവരെ അതൊന്നും പരിചയമില്ലാതിരുന്ന തൊഴിലാളികളെ, ജോലിക്കിടയിൽ വിശ്രമിക്കാൻ അദ്ദേഹം നിർബന്ധിച്ചു. പത്തും പന്ത്രണ്ടും മണിക്കൂറുകൾ നിന്ന് തൊഴിലെടുക്കാൻ വിധിക്കപ്പെട്ട തൊഴിലാളികൾക്ക് അത് ആശ്വാസം മാത്രമല്ല, അനുഗ്രഹമായി. സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ പ്രത്യേക റൂമുകൾ കെട്ടി നൽകി. തൊഴിലിനിടയിൽ അപകടത്തിൽ പെട്ടാൽ അടിയന്തിര വൈദ്യ സഹായത്തിനും സാമ്പത്തിക സഹായത്തിനും പ്രത്യേക നിർദ്ദേശം നൽകി. വനിതാ തൊഴിലാളികൾക്കായി വനിതാ ഡോക്ടറെ ഫുൾടൈം ഫാക്ടറിയിൽ നിയമിച്ചു. എന്നാണിതൊക്കെ സംഭവിക്കുന്നത്, 1880-കളിൽ!
നഷ്ടത്തെ ലാഭമാക്കുന്ന ഇന്ദ്രജാലം
കഥയിലെ ക്ലൈമാക്സ് ഇനിയാണ്! തൊഴിലാളികളെ 10-12 മണിക്കൂർ അടിമപ്പണി ചെയ്യിച്ച് വൻലാഭം കണക്കുകൂട്ടിയ മില്ലുകൾ പലതും സാമ്പത്തിക പ്രതിസന്ധിയിലായി. തൊഴിലാളി സൗഖ്യം ഉറപ്പാക്കി പുഞ്ചിരിച്ചുകൊണ്ട് സംരംഭം ചെയ്ത ജംഷഡ്ജി ടാറ്റയുടെ മില്ലുകൾ വൻ ലാഭത്തിലേക്ക് കുതിച്ചു. സാമ്പത്തിക പ്രതിസന്ധിയിലായ മില്ലുകൾ വാങ്ങി, തന്റെ സുന്ദരമായ ഹോളിസ്റ്റിക് സംരംഭക മാതൃക നടപ്പാക്കി, അവയെ ലാഭകരമാക്കി മാറ്റുന്ന ഇന്ദ്രജാലം ജംഷഡ്ജിക്ക് ഹരമായി. ഒന്ന് ഇരിക്കാൻ പോലും അനുവദിക്കാതെ 10ഉം 12ഉം മണിക്കൂർ പണിയെടുപ്പിച്ച് നെയ്തെടുക്കുന്ന അന്നത്തെ സോകോൾഡ് മില്ല് മുതലാളിമാരുടെ തുണിത്തരങ്ങളേക്കാൾ, തൊഴിലാളികളെ വിശ്രമിക്കാനും, ഇടവേളകൾ ആന്ദകരമാക്കാനും, മികച്ച കൂലിക്ക് പുറമേ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുകയും അവരുടെ ജോലി സമയം 8 മണിക്കൂറാക്കുകയും ചെയ്ത ജംഷഡ്ജിയുടെ മില്ലുകളായിരുന്നു ലാഭം കൊയ്തത്! തൊഴിലാളികൾ സ്നേഹവും ആദരവും ചൊരിഞ്ഞ് ഹൃദയവായ്പോടെ പണിയെടുത്ത ആ നെയ്ത്ത് ശാലകളിൽ നിന്നുള്ള ആനന്ദപ്പണമാണ് ടാറ്റയുടെ ആദ്യവരുമാനമായത്. ജംഷഡ്ജി എന്ന മനുഷ്യപ്പറ്റുള്ള സംരംഭകന്റെ ആ കമ്പനി ഊടും പാവും നെയ്തെടുത്ത കരുണയുടെ രസമുള്ള ലാഭമാണ് ഇന്ന് നാം കാണുന്ന 33 ലക്ഷം കോടി മൂല്യമുള്ള ടാറ്റ എന്ന മഹാസാമ്രാജ്യമായയി വളർന്നത്!
ശാസ്ത്രബോധമുള്ള സംരംഭകൻ
ബാംഗ്ലൂരിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് അറിയുമോ? സിവി രാമന് 1930-ൽ ലൈറ്റ് സ്കാറ്ററിംഗിൽ നോബേൽ പ്രൈസ് നേടാൻ പശ്ചാത്തലമൊരുക്കിയ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ്? ജംഷഡ്ജി ടാറ്റ തുടങ്ങിയതാണ്. ഒരു നാടിന് വളരണമെങ്കിൽ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ശക്തമായ ഗവേഷണവും അവബോധവും വേണമെന്ന് മനസ്സിലാക്കി, 1898-ൽ ജംഷഡ്ജി ടാറ്റ തുടക്കമിട്ട സയൻസ് ഇൻസ്റ്റ്റ്റ്യൂട്ട്. സിവി രാമൻ, ഹോമി ജെ ഭാഭ, വിക്രം സാരാഭായി, സതീഷ് ധവാൻ തുടങ്ങി ഇന്ത്യൻ ശാസ്ത്ര പ്രതിഭകളെല്ലാം അവരുടെ ധിഷണ ഉരച്ച് തിളക്കമേറ്റിയത് ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഗവേഷണ മുറികളിലായിരുന്നു.
ഗവേഷണ പ്രസ്ഥാനം എങ്ങനെയായിരിക്കണം ആര് നയിക്കണം ആർക്കൊക്കെ പ്രയോജനം ചെയ്യണം എന്നൊക്കെ വ്യക്തമായി എഴുതി വെച്ച് അന്നത്തെ മൈസൂർ രാജാവിനെ കണ്ട് സ്ഥലം വാങ്ങി, ഇന്ത്യാ ഗവൺമെന്റിന്റെ പങ്കാളിത്തം ഉറപ്പാക്കി, ഇംഗ്ലണ്ടിൽ നിന്നുള്ള നോബേൽ ജേതാവ് Sir William Ramsay-യെ ഇൻസ്റ്റിറ്റ്യൂഷന്റെ ഭരണ നിർവ്വഹണത്തിനുള്ള കമ്മിറ്റി രൂപീകരണത്തിനും ചുമതലപ്പെടുത്തിയ ജംഷഡ്ജി, പക്ഷെ ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് യാഥാർത്ഥ്യമായത് കാണാൻ നിന്നില്ല. 1904-ൽ കേവലം 65-ാമത്തെ വയസ്സിൽ ജംഷഡ്ജി ടാറ്റ ഈ ലോകം വിട്ടപോയി. 1890കളിൽ അതുവരെ താൻ സ്വരുക്കൂട്ടിയ സ്വത്തിന്റെ പകുതിയും ഇൻഡ്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസിനായി ആ മനുഷ്യൻ മാറ്റിവെച്ചു. അപ്പോ ബാക്കി പകുതിയോ? അത് ജീവകാരുണ്യത്തിന് എഴുതിയും വെച്ചു.
അദ്യ എഡ്യുക്കേഷൻ സ്ക്കോളർഷിപ്
ജീവകാരുണ്യ പ്രവർത്തികൾക്കായുള്ള ടാറ്റ ട്രസ്റ്റ് രൂപീകരിക്കുന്നത് 1890-കളിലാണ്. രാജ്യത്തെ ആദ്യ എഡ്യൂക്കേഷൻ സ്കോളർഷിപ് ജംഷഡ്ജി ടാറ്റ ഏർപ്പെടുത്തിയതാണ്. ഇംഗ്ലണ്ടിൽ ഉപരിപഠനത്തിനായി ജാതിയോ മതമോ വർണ്ണമോ നോക്കാതെ സ്ക്കോളർഷിപ്പോടെ വിദേശ പഠനം സാധ്യമാക്കിയ ആദ്യ സ്കോളർഷിപ് പദ്ധതി. സ്വയം ആർജ്ജിച്ച തന്റെ സ്വത്തെല്ലാം ഇങ്ങനെ ചെലവഴിച്ച് കളഞ്ഞ ആ പ്രതിഭാസത്തിന്റെ പേരാണ് ജംഷഡ്ജി! ടാറ്റ ട്രസ്റ്റ് വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എട്ടര ലക്ഷം കോടി ഒരു നൂറ്റാണ്ട് മുമ്പ് ചിലവിഴിച്ച മഹാമനുഷ്യൻ! അന്നത്തെ എട്ടര ലക്ഷം കോടി, ഇന്നത്തെ വാല്യുവിലേക്ക് കൊണ്ടുവന്നാൽ എണ്ണിത്തിട്ടപ്പെടുത്താനാകാത്ത പണമാകുമത്. ഇനി പറയൂ, ആ തായ്വേരിൽ പൊട്ടിക്കിളിർത്ത രത്തൻ ടാറ്റ എന്ന സുഗന്ധിപ്പൂവിന് മണവും മധുരവും മായാത്ത സൗന്ദര്യവും ഉണ്ടാകാതിരിക്കുമോ?
സംരംഭകരെ സംബന്ധിച്ച് ടാറ്റ ഒരു രാജ്യമാണ്! ടാറ്റ ഒരു വിശ്വാസ പ്രമാണമാണ്! സംരംഭം ചെയ്യുന്നവർക്ക് അനുകരിക്കാനും, ശിഷ്യപ്പെടാനും, ആരാധിക്കാനും പറ്റുന്ന ഒരു സംരംഭക മതം!
Explore the incredible journey of Jamshedji Tata, the pioneer of India’s industrial revolution. Learn how his vision and philanthropy laid the foundation for the 33 lakh crore Tata empire.