ബഹിരാകാശ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് കരുത്ത് കൂട്ടുന്ന സ്പേസ് പാർക്ക് നിർമാണ ടെൻഡർ വിളിച്ച് കേരളം. സംസ്ഥാന ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KSITIL) വിളിച്ച ടെൻഡറിലേക്ക് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം. ടെക്നോപാർക്ക് ഫേസ് നാലിലാണ് പുതിയ സ്പേസ് പാർക് പ്രൊജക്റ്റ് വരുന്നത്.
ബഹിരാകാശ രംഗത്തെ ആഗോള സ്റ്റാർട്ടപ്പുകളെ ആകർഷിക്കുന്ന നിർദിഷ്ട സ്പേസ് പാർക്ക് ബഹിരാകാശ സംബന്ധമായ സാങ്കേതിക വിദ്യ, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് എന്നിവയുടെ സുപ്രധാന നിർമാണ ഹബ്ബായി മാറും. ലോഞ്ച് വെഹിക്കിൾ നിർമാണം, സാറ്റലൈറ്റുകൾ, റഡാർ-ആന്റിന അടക്കമുള്ള ഗ്രൗണ്ട് സെഗ്മെന്റ്, സാറ്റലൈറ്റ് കമ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സാറ്റലൈറ്റ് ഡാറ്റ അപ്ലിക്കേഷൻസ് എന്നീ മേഖലകളിലാണ് സ്പേസ് പാർക്ക് പ്രാധാന്യം നൽകുക.
പ്രൊജക്റ്റിന്റെ ബിൽഡിങ്-ക്യാംപസ് നിർമാണത്തിനായി നബാർഡ് വഴി 241 കോടി രൂപ വായ്പ ലഭിച്ചിരുന്നു. കോമൺ ഫസിലിറ്റി സെന്റർ, റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്റർ എന്നിവ നിർമിക്കാനാണ് ഇപ്പോൾ ടെൻഡർ വിളിച്ചിരിക്കുന്നത്. ആർ ആൻഡ് ഡി സംവിധാനത്തിൽ തന്നെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകളും ഉൾപ്പെടും. മുപ്പത് മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ശ്രമം. ഏറ്റവും കുറവ് തുകയ്ക്ക് ടെൻഡർ വിളിക്കുന്നവർക്ക് ടെൻഡർ ലഭിക്കും. സ്പേസ് പാർക്ക് പ്രൊജക്റ്റിന്റെ രൂപകൽപന തയ്യാറായിട്ടുണ്ട്. ഇതനുസരിച്ചാകും നിർമാണം. ടെൻഡർ പൂർത്തിയായി കരാർ ഉറപ്പിച്ചാൽ ഉടൻ നിർമാണം ആരംഭിക്കും.
സംസ്ഥാന സർക്കാർ നൽകിയ 18.5 ഏക്കറിൽ മൂന്നര ഏക്കറിലാണ് സ്പേസ് പാർക്കിന്റെ നിർമാണം നടക്കുക. പട്ടത്തുള്ള വാടക കെട്ടിടത്തിലാണ് ഇപ്പോൾ സ്പേസ് പാർക്ക് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 2020ൽ തിരുവനന്തപുരത്തെ ഇന്ത്യയുടെ സ്പേസ് സിറ്റിയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ കേന്ദ്രിതമായ വ്യവസായങ്ങളുടെ ഹബ്ബ് ആക്കി തലസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം.
Kerala has invited tenders for the construction of a Space Park in Technopark Phase IV, aiming to create a global hub for space technology and startups, with a focus on manufacturing, R&D, and satellite communication.