തിരുവനന്തപുരം-മംഗലാപുരം, തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്സുകൾക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിനാൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനുള്ള റെയിൽവേ നടപടി വേഗത്തിലാക്കണമെന്ന് യാത്രക്കാരുടെ ആവശ്യം. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി മംഗലാപുരത്തേക്കുള്ള വന്ദേഭാരതിന് എട്ട് കോച്ചുകളും തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോട് വരെയുള്ള ട്രെയിനിന് 16 കോച്ചുകളുമാണ് നിലവിൽ ഉള്ളത്.
രാജ്യത്ത് തന്നെ ഏറ്റവും സ്വീകാര്യത ലഭിച്ച രണ്ട് വന്ദേ ഭാരതുകളാണ് ഇവ. ഇതിൽ തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് 20 കോച്ചുകളുള്ള സർവീസാക്കി മാറ്റുന്നതിനുള്ള നിർദേശം റെയിൽവേ രണ്ട് മാസം മുൻപ് അംഗീകരിച്ചിരുന്നു. എന്നാൽ ഇതിനായി അന്തിമ ഉത്തരവ് ഇതു വരെ പുറപ്പെടുവിച്ചിട്ടില്ല. ഈ നടപടി വേഗത്തിലാക്കണമെന്നും ഒപ്പം തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിലും കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
നിലവിലുള്ള സ്വീകാര്യതയ്ക്ക് അനുസൃതമായി ഇരു ട്രെയിനുകളിലും കോച്ചുകളില്ല. ജോലി ആവശ്യങ്ങൾക്കായി തിരുവന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിനെയാണ്. ട്രെയിൻ രാവിലെ 8.25ന് എറണാകുളത്തും 9.30ന് തൃശ്ശൂരും എത്തും എന്നതിനാൽ ഓഫീസ് ആവശ്യങ്ങൾക്ക് പോകുന്നവർ ഇതിനെ ഏറെ ആശ്രയിക്കുന്നുണ്ട്. ഈ റൂട്ടിൽ ധാരാളം ഇടങ്ങളിൽ റോഡ് നിർമാണം നടക്കുന്നത് കൊണ്ട് ബസ് മാർഗം ഗതാഗതക്കുരുക്ക് പതിവാണ്. അതിനാൽ ഇപ്പോഴുള്ള കോച്ചുകൾ അപര്യാപ്തമാണെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ്, റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പറഞ്ഞു.
Passengers urge Indian Railways to expedite coach expansion for the Thiruvananthapuram-Mangalore and Thiruvananthapuram-Kasargod Vande Bharat Express trains. These popular routes face overcrowding as commuters rely on them for daily travel.