ശ്രീലങ്ക, ബംഗ്ലാദേശ്, ജപ്പാൻ, ചൈന, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിരസിച്ച് ഇന്ത്യ. ഈ രാജ്യങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്സ്, ലഹരിപാനീയങ്ങൾ തുടങ്ങിയവയാണ് ഗുണനിലവാരത്തിലെ ആശങ്ക കാരണം ഇന്ത്യ നിരസിച്ചത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) അടുത്തിടെ പുറത്തിറക്കിയ ഫുഡ് ഇംപോർട്ട് റിജക്ഷൻ അലേർട്ടിലാണ് (FIRA) രാജ്യങ്ങളുടെ പേരുകളും തിരിച്ചയച്ച ഭക്ഷ്യവസ്തുക്കളും പരസ്യമാക്കിയത്. നിരസിച്ച ഭക്ഷ്യവസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായവയും ഗുണനിലവാരമില്ലാത്തവയും കണ്ടെത്തിയതിനാലാണ് നടപടി..
നിലവിൽ ഇന്ത്യ നൂറിലധികം രാജ്യങ്ങളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നുണ്ട്. FIRA പോർട്ടലിലെ വിവരമനുസരിച്ച് FSSAI ശ്രീലങ്കയിൽ നിന്നുള്ള കറുവപ്പട്ട ഗുണനിലവാരം ഇല്ലാത്തതിനാലും മുൻകൂർ നടപടിയിലെ പ്രശ്നങ്ങൾ കൊണ്ടും ബെംഗളൂരുവിൽ വെച്ച് മടക്കി അയച്ചു. FSS, Act, 2006 പ്രകാരമായിരുന്നു നടപടി. ഏപ്രിൽ 22 ന് തൂത്തുക്കുടി തുറമുഖത്ത് പൂപ്പലുകൾ നിറഞ്ഞ ശ്രീലങ്കൻ അടയ്ക്കയും ഇന്ത്യ നിരസിച്ചു.
ജൂൺ 25ന് ജപ്പാനിൽ നിന്നുള്ള ആരോഗ്യ സപ്ലിമെൻ്റുകളും ടീ ബാഗുകളും എഫ്എസ്എസ്എഐ നിരസിച്ചിരുന്നു. കുറഞ്ഞ ഷെൽഫ് ലൈഫ് ചൂണ്ടിക്കാട്ടി തുർക്കിയിൽ നിന്നുള്ള ആപ്പിൾ ജൂലൈ 31ന് കൊൽക്കത്ത തുറമുഖത്ത് നിരസിക്കപ്പെട്ടു. പിഎച്ച് മൂല്യത്തിലെ അളവിലെ പ്രശ്നങ്ങളെത്തുടർന്നാണ് ചൈനയിൽ നിന്നുള്ള നോൺ-ആൽക്കഹോളിക് ബിയർ മെയ് 31ന് മുംബൈ ജെഎൻപിടി തുറമുഖത്ത് നിന്നും മടക്കി അയച്ചത്. ആഴ്സനിക് സാന്നിധ്യം കാരണം ചൈനയിൽ നിന്നുള്ള സുഷി നോറി എന്ന കടൽപ്പായൽ ഡൽഹി തുറമുഖത്തും മടക്കിയയച്ചു. ബംഗ്ലാദേശിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കളും ഗുണനിലവാരം ഇല്ലാത്തതിനാൽ ഇന്ത്യ മടക്കി അയക്കുകയായിരുന്നു.
ഭക്ഷ്യവസ്തുക്കളിലെ അപകടസാധ്യതകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നടപടിയെടുക്കാൻ ബന്ധപ്പെട്ട ഭക്ഷ്യ അധികാരികളെ FIRA പ്രാപ്തമാക്കുന്നു. എഫ്എസ്എസ്എഐ ഭക്ഷ്യസുരക്ഷാ മാനദണ്ഡ (ഇറക്കുമതി) ചട്ടം അനുസരിച്ച് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ക്ലിയറൻസിനായി ത്രിതല പരിശോധനയ്ക്ക് വിധേയമാകണം. ഡോക്യുമെൻ്റുകളുടെ സൂക്ഷ്മപരിശോധന, ദൃശ്യ പരിശോധന, സാമ്പിൾ പരിശോധന എന്നിവ അടങ്ങുന്നതാണ് ഈ നടപടി.
India has rejected food consignments from Sri Lanka, Japan, and China for failing safety standards. Learn how FSSAI ensures food safety through stringent checks and its new FIRA portal.