പശ്ചിമേഷ്യയിലെ ആദ്യ ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ദുബായ് പൊലീസ്. ദുബായ് വേൾഡ് ഐലന്റിലെ ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷൻ 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ദുബായിലെ പൊതു സുരക്ഷ വർധിപ്പിക്കുന്നതിനും പോലീസ് സേവനങ്ങൾ നവീകരിക്കുന്നതിനുമായാണ് ഫ്ലോട്ടിങ് സ്മാർട്ട് പൊലീസ് സ്റ്റേഷൻ വരുന്നത്. 2 ബില്യൺ ദിർഹം പദ്ധതിയുടെ ഭാഗമായുള്ള ഫ്ലോട്ടിങ് സ്റ്റേഷൻ മനുഷ്യ ഇടപെടലുകളില്ലാതെ പൂർണമായും ഓട്ടോമേറ്റഡ് ഓപ്പറേഷനുകൾ വാഗ്ദാനം ചെയ്യുന്നു.
കടൽത്തീരത്തുള്ളവരുടെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കുന്ന രീതിയിലുള്ള നൂതന സംവിധാനങ്ങളാണ് ഫ്ലോട്ടിങ് സ്റ്റേഷനുകളുടെ സവിശേഷത. ബോട്ടുകളുടെ രൂപത്തിൽ നിർമിക്കുന്ന ഫ്ലോട്ടിങ് സ്റ്റേഷനിലേക്ക് സന്ദർശകർക്ക് പ്രവേശനം എളുപ്പമാക്കും. ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യുക, നഷ്ടപ്പെട്ട വസ്തുക്കൾ ഉടമകൾക്ക് തിരിച്ചേൽപ്പിക്കുക, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള അഭ്യർഥനകൾ സ്വീകരിക്കുക എന്നിങ്ങനെ 27 പ്രാഥമിക സേവനങ്ങളും 33 അധിക സേവനങ്ങളുമാണ് ഫ്ലോട്ടിങ് പൊലീസ് സ്റ്റേഷനിൽ ലഭ്യമാകുക.
ദുബായിലെ വിവിധ ജനവിഭാഗങ്ങളെ മുന്നിൽക്കണ്ട് പുതിയ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സേവനങ്ങൾ ആറ് ഭാഷകളിൽ ലഭ്യമാക്കും. പരമ്പരാഗത സേവന കേന്ദ്രങ്ങളിലെ സന്ദർശകരുടെ എണ്ണം കുറയ്ക്കാനും നിർമിത ബുദ്ധിയിലൂടെ സേവനങ്ങൾ കൂടുതൽ നവീകരിക്കാനും ഫ്ലോട്ടിങ് സ്റ്റേഷനുകൾ പ്രയോജനപ്പെടും.
Dubai Police is set to launch the Middle East’s first floating Smart Police Station by 2026, offering 24/7 automated services to yacht owners and water sports enthusiasts, aligning with Dubai’s Smart City Vision.