ഇന്ത്യൻ റെയിൽവേയുടെ 13000 ലധികം ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി പ്രതിദിനം സർവീസ് നടത്തുന്നത്. വേഗത കൊണ്ടും നൂതന സേവനങ്ങൾകൊണ്ടും അവ വാർത്തയിൽ ഇടം പിടക്കാറുമുണ്ട്. എന്നാൽ യാത്ര ചെയ്യാൻ ടിക്കറ്റ് വേണ്ടാത്ത ഒരു ട്രെയിനും ഇന്ത്യയിലുണ്ട്. പഞ്ചാബിലെ നംഗലിൽ നിന്നും ഹിമാചൽ പ്രദേശിലെ ഭക്രയിലേക്കുള്ള ഭക്ര-നംഗൽ ട്രെയിനാണ് 75 വർഷമായി യാത്രക്കാർക്ക് ടിക്കറ്റില്ലാതെ സൗജന്യ സേവനം നൽകുന്നത്.
ശിവാലിക് കുന്നുകൾക്കും മനോഹരമായ സത്ലജ് നദിക്കും മുകളിലൂടെയുള്ള ഭക്ര-നംഗൽ ട്രെയിൻ സർവീസ് സൗജന്യയാത്രയ്ക്കൊപ്പം മനോഹാരിത കൊണ്ടും ശ്രദ്ധേയമാണ്. ദിവസവും രാവിലെ 7.05ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8.20 ന് ഭക്രയിൽ എത്തിച്ചേരുന്ന ട്രെയിൻ പ്രതിദിനം 800 ലധികം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ക്ക്. മടക്കയാത്രയിൽ ട്രെയിൻ വൈകിട്ട് 3.05 ന് നംഗലിൽ നിന്ന് പുറപ്പെട്ട് 4.20 ന് ഭക്ര റെയിൽവേസ്റ്റേഷനിലെത്തും.
1948 മുതലാണ് ഭക്രനംഗൽ ട്രെയിൻ ഓടിത്തുടങ്ങിയത്. ഭക്രനംഗൽ അണക്കെട്ടിന്റെ നിർമാണവേളയിൽ തൊഴിലാളിൾക്കായാണ് ആദ്യകാലത്ത് ഈ ട്രെയിൻ ഉപയോഗിച്ചിരുന്നത്. ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗമായതുകൊണ്ടുതന്നെ ഈ ട്രെയിനിനെ ഗതാഗത മാർഗം എന്നതിലുപരി ചരിത്രത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. ഇടയ്ക്ക് ഭക്രാബിയാസ് മാനേജ്മെന്റ് ബോർഡ്(ബിബിഎംബി) സർവീസിന്റെ പ്രവർത്തന ചെലവ് കണക്കിലെടുത്ത് നിരക്ക് ഈടാക്കുന്നത് പരിഗണിച്ചിരുന്നു. പക്ഷേ ട്രെയിനിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും മാനിച്ച് സൗജന്യമായി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.