കെഎസ്‌യുഎമ്മിൻ്റേയും ഡിഫൻസ് റിസർച്ച് ഡെവലപ്മെൻറ് ഓർഗനൈസേഷന്റേയും (DRDO) സഹകരണത്തോടെ സ്ഥാപിക്കുന്ന
കേരള ഡിഫൻസ് ഇന്നൊവേഷൻ സോണിനായുള്ള (K-DIZ) ധാരണാ പത്രം ഒപ്പുവെച്ചു. പ്രതിരോധ മേഖലയിലെ നവീന ആശയങ്ങളും സഹകരണവും സാധ്യമാക്കുകയാണ് തിരുവനന്തപുരത്ത് ആരംഭിക്കുന്ന കേരള ഡിഫൻസ് ഇന്നൊവേഷൻ സോണിന്റെ ലക്ഷ്യം.
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്, ഐടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, ടിഡിഎഫ്, ഡിആർഡിഒ അഡീഷണൽ ഡയറക്ടർ റാം പ്രകാശ്, ടെക്നോപാർക്ക് സിഇഒ (റിട്ട) കേണൽ സഞ്ജീവ് നായർ എന്നിവർ ധാരണാപത്രം കൈമാറിയത്. കേരള സ്റ്റാർട്ട് അപ്പ് മിഷൻറെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹഡിൽ ഗ്ലോബലിൻറെ ആറാം പതിപ്പിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ധാരണാപത്രം കൈമാറിയത്.
കേരളത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്ക് പ്രതിരോധ എയ്റോസ്പേയ്സ് മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താനും സേനയുമായി ബന്ധം ദൃഢമാക്കാനും കെ-ഡിഐഇസഡ് വഴിയൊരുക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ആഗോളതലത്തിലുള്ള മുന്നേറ്റത്തിന് അനുയോജ്യമായ സാങ്കേതിക നവീകരണത്തിന് സായുധസേന സജ്ജമാണെന്നും അതിനുള്ള മികച്ച പ്ലാറ്റ്ഫോമായി കെ-ഡിഐഇസഡ് മാറുമെന്നും സതേൺ എയർ കമാൻഡ് കമോഡർ മാത്യു ജോൺ പറഞ്ഞു.
ചടങ്ങിൽ പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ സലിൽ, (റിട്ട) ഗ്രൂപ്പ് ക്യാപ്റ്റൻ രോഹിത് കൗര, കെൽട്രോൺ എംഡി വൈസ് അഡ്മിറൽ ശ്രീകുമാർ നായർ, കേരള സ്പേസ് പാർക്ക് സിഇഒ ജി ലെവിൻ തുടങ്ങിയവർ പങ്കെടുത്തു.
Kerala Startup Mission (KSUM) and DRDO have signed an MoU to establish the Kerala Defence Innovation Zone (K-DIZ) in Thiruvananthapuram. This initiative aims to foster defence sector innovation, enabling Kerala startups to explore aerospace and military technology opportunities.