2016ൽ സൈറസ് മിസ്ത്രി വിഷയത്തിനു ശേഷമാണ് ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തേക്ക് എൻ. ചന്ദ്രശേഖരൻ നിയോഗിക്കപ്പെടുന്നത്. ടാറ്റ ഗ്രൂപ്പിനെ ലോകത്തിലെ തന്നെ വൻകിട ബിസിനസ് സാമ്രാജ്യമാക്കി മാറ്റുന്നതിന് നേതൃത്വം വഹിച്ച രത്തൻ ടാറ്റയുടെ വലം കയ്യായിരുന്നു എൻ. ചന്ദ്രശേഖരൻ. ഡിജിറ്റൽ യുഗത്തിൽ ടാറ്റയെ നയിക്കാനുള്ള പ്രാപ്തിയായിരുന്നു രത്തൻ ടാറ്റ ചന്ദ്രശേഖരനിൽ കണ്ട ഏറ്റവും വലിയ മേന്മ. 2024ൽ രത്തൻ ടാറ്റ സ്വപ്നം കണ്ട അതേ മാതൃകയിൽ ചന്ദ്രശേഖരൻ ടാറ്റയെ ആകാശത്തോളം ഉയർത്തുന്ന കാഴ്ച നമ്മൾ കണ്ടു. ഗ്രൂപ്പിന്റെ നിലവിലെ പ്രവർത്തനങ്ങൾക്കൊപ്പം ഭാവിയിലെ ടാറ്റയുടെ പദ്ധതികൾ കൂടി അതിൽ ഉൾപ്പെടും. അതിന്റെ ഭാഗമായാണ് ആഗോള ഹൈടെക് മാനുഫാക്ചറിങ് രംഗത്ത് നിലയുറപ്പിക്കാനുള്ള ടാറ്റയുടെ പരിശ്രമം.
ഒക്ടോബറിൽ നടന്ന ഒരു പരിപാടിയിൽ സാങ്കേതിക ഉൽപാദന രംഗത്ത് മുന്നേറാനുള്ള ടാറ്റ പദ്ധതികളെക്കുറിച്ച് ചന്ദ്രശേഖരൻ വിശദീകരിച്ചിരുന്നു. സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നീ മേഖലകളിൽ വൻ ആഗോള മുന്നേറ്റമാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റം അഞ്ചുവർഷത്തിനകം അഞ്ച് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. സെമി കണ്ടക്ടർ രംഗത്ത് മാത്രം ടാറ്റ ഒരുങ്ങുന്നത് വൻ നിക്ഷേപത്തിനാണ്. ടാറ്റ ഗ്രൂപ്പിന്റെ അസമിൽ വരാനിരിക്കുന്ന 27000 കോടിയുടെ സെമി കണ്ടക്ടർ പ്ലാന്റും ഗുജറാത്തിലെ ചിപ് നിർമാണ കേന്ദ്രവുമാണ് സെമികണ്ടക്ടർ മേഖലയിലെ കമ്പനിയുടെ വമ്പൻ പദ്ധതികൾ. ഇത് ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന പദ്ധതികളും അല്ല. ആഗോള സെമികണ്ടക്ടർ രംഗത്തെ ഭീമൻമാരായ Powerchip, Analog Devices തുടങ്ങിയവയുമായി ചേർന്നാണ് ടാറ്റ തേരോട്ടത്തിന് ഇറങ്ങുന്നത്.
2024 ജൂണിൽ ഇവി രംഗത്ത് ടാറ്റ 18000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ സെപ്റ്റംബറിൽ പുനരുത്പാദന ഊർജ രംഗത്ത് ടാറ്റ പവർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75000 കോടിയുടെ ഭീമൻ നിക്ഷേപമാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇങ്ങനെ സെമികണ്ടക്ടർ-ഇവി-ഗ്രീൻ എനെർജി രംഗങ്ങളിലൂടെ ടാറ്റയ്ക്കായി പുതുമയുടെ പുതിയ വാതിലുകൾ തുറക്കുകയാണ് ചന്ദ്രശേഖരൻ.
1987ൽ ട്രെയിനി ആയി ടാറ്റയിൽ എത്തിയ എൻ. ചന്ദ്രശേഖരൻ വർഷങ്ങൾ കൊണ്ട് ലോകത്തെ ഏറ്റവും വലിയ കൺസൽട്ടിങ്ങ് സ്ഥാപനങ്ങളിൽ ഒന്നായ ടാറ്റ കൺസൾട്ടൻസിയുടെ ചീഫ് എക്സിക്യൂട്ടിവ് ആയി. പിന്നീടാണ് അദ്ദേഹം ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തേക്കെത്തിയത്.