ഒരു വശത്തു കേരളം ദൈനം ദിന സാമ്പത്തിക ആവശ്യങ്ങൾക്കായി വീണ്ടും കടപ്പത്രമിറക്കുന്നു. അതിനു മുന്നേ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ 1059 കോടി രൂപ അനുവദിച്ചത് വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്ക് വേണ്ടിയാണ്. സംസ്ഥാന ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
എന്നാൽ ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. കോർ ബാങ്കിങ് സൊല്യൂഷൻ പോർട്ടലായ ‘ഇ-കുബേർ’ വഴി കേരളം 11 വർഷത്തെ തിരിച്ചടവ് കാലാവധിയുള്ള കടപ്പത്രങ്ങളിറക്കി 1,500 കോടി രൂപയുടെ വായ്പയെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി കഴിഞ്ഞു .
റിസർവ് ബാങ്കിന്റെ ‘ഇ-കുബേർ’ പോർട്ടൽ വഴി കടമെടുക്കുന്നത് കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളാണ്. ഇവ സംയുക്തമായി 25,837 കോടി രൂപയാണ് കടം തേടുക.
2024-25 നടപ്പുവർഷം അവസാനിക്കാൻ ഡിസംബർ മുതൽ മാർച്ചുവരെ 4 മാസം കൂടി ശേഷിക്കവേ കേരളത്തിനായി കേന്ദ്രം വെട്ടിക്കിഴിക്കലിന് ശേഷം അംഗീകരിച്ച പരിധിയായ 32,712 രൂപയിൽ ബാക്കിയാവുക 1,965 കോടി രൂപ മാത്രമാണ്.
ഏപ്രിൽ-മാർച്ച് നടപ്പു സാമ്പത്തിക വർഷം ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. പക്ഷെ അതിൽ നിന്നും കിഫ്ബിയും പെൻഷൻ ഫണ്ട് കമ്പനിയുമെടുത്ത വായ്പ സർക്കാരിന്റെ തന്നെ കടമെടുപ്പായി കണക്കാക്കി കേന്ദ്രം വെട്ടിക്കുറച്ചതോടെ കട പരിധി 28,512 കോടി രൂപയായി കുറഞ്ഞു. ഓണക്കാലത്തെ സാമ്പത്തികഞെരുക്കം കണക്കിലെടുത്ത് കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത് അംഗീകരിച്ച കേന്ദ്രം, അധികമായി 4,200 കോടി രൂപയെടുക്കാൻ അനുവദിച്ചിരുന്നു. അതോടെ, ആകെ എടുക്കാവുന്ന കടം വീണ്ടും 32,712 കോടി രൂപയായി.
നവംബർ അഞ്ചിന് സംസ്ഥാന സർക്കാർ 1,000 കോടി രൂപയും നവംബർ 19ന് 1,249 കോടി രൂപയും കടമെടുത്തിരുന്നു. ഡിസംബർ 3ന് 1,500 കോടി രൂപ കൂടി എടുക്കുന്നതോടെ ഈവർഷത്തെ ആകെ കടം 30,747 കോടി രൂപയാകും. കടമെടുക്കാൻ ഇനി ബാക്കിയാകുക 1,965 കോടി രൂപ മാത്രമാണ്.
അതിനിടെയാണ് രണ്ടു ദിവസം മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1059 കോടി രൂപ അനുവദിച്ചത്. 15 സംസ്ഥാനങ്ങള്‍ക്കായി ആകെ 1,115 കോടി രൂപയാണ് കേന്ദ്രം 50 വർഷത്തേക്കുള്ള പലിശരഹിത വായ്പയായി അനുവദിച്ചത്. 72 കോടി രൂപ അനുവദിച്ചത് ദുരന്തനിവാരണവുമായി ബന്ധപ്പെട്ടുള്ള ഫണ്ടിലേക്കുള്ള കേന്ദ്ര വിഹിതമായിട്ടാണ്.
വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ ഉൾപ്പെടെയുള്ളവയ്ക്കായാണ് 1059 കോടി 2024-25 വർഷത്തേക്ക് കാപ്പക്സ് പദ്ധതി പ്രകാരം കേരളത്തിന് അനുവദിച്ചത്. 50 വർഷത്തേക്ക് പലിശരഹിതമായാണ് വായ്പ അനുവദിച്ചത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് മാത്രം 795 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പ (സ്പെഷ്യൽ അസിസ്റ്റൻസ് ഫോർ സ്റ്റേറ്റ് ഇൻ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് സ്‌കീം) പ്രകാരമാണ് അനുവദിച്ചത്.
ഈ സാമ്പത്തികവർഷംതന്നെ ഈ തുക വിനിയോഗിക്കണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരില്ലെന്ന പ്രത്യേകതയുമുണ്ട്. കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്.