ഏറക്കാലത്തെ കാത്തിരിപ്പുകൾക്ക് വിരാമമായി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാൻ സജ്ജമായി രണ്ട് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് അടുത്ത വർഷം ഏപ്രിലിൽ സജ്ജമാകുക.
മുംബൈയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നവി മുംബൈയിൽ നിർമാണം പുരോഗമിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഓരോ ടെർമിനലും റൺവേയും മുഴുനീള സമാന്തര ടാക്സി വേയും അടക്കമുള്ളവയാണ് ആരംഭിക്കുക. മുഴുവൻ ഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ വിമാനത്താവളത്തിന് നാല് ടെർമിനലുകളും രണ്ട് റൺവേകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള പൻവേലിന് സമീപമാണ് പുതിയ അന്താരാഷ്‌ട്ര വിമാനത്താവളം നിർമാണം പുരോഗമിക്കന്നത്. പൂനെയിൽ നിന്നുള്ള യാത്രക്കാർക്കും പദ്ധതി സഹായകരമാകും. ഇത് കൂടാതെ മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ നവീകരണ പ്രവർത്തനങ്ങൾക്കും പദ്ധതിയുണ്ട്. ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ് തന്നെയാണ് നവി മുംബൈ വിമാനത്താവളവും വികസിപ്പിക്കുന്നത്. ഇവിടെ നിന്നും ഏതൊക്കെ വിമാനങ്ങളാണ് സർവീസ് നടത്തുകയെന്ന് നിലവിൽ വ്യക്തമല്ല.
ഉത്തർപ്രദേശിലെ ജെവാറിലെ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിൽ 17ന് ആരംഭിക്കും. ഒന്നാം ഘട്ടത്തിൽ ഓരോ ടെർമിനലും റൺവേയും, 10 എയ്‌റോബ്രിഡ്ജുകൾ, 25 പാർക്കിംഗ് സ്റ്റാൻഡുകൾ എന്നിവയുമായാണ് പ്രവർത്തനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ പ്രതിദിനം 65 വിമാനങ്ങൾ നോയിഡയിൽ സർവീസ് നടത്തും. ഇതിൽ 62 ആഭ്യന്തര സർവീസുകളും രണ്ട് അന്തർദേശീയ വിമാനങ്ങളും ഒരു കാർഗോ സർവീസും ഉൾപ്പെടും. ഇൻഡിഗോ, ആകാശ എയർ എന്നിവ നോയിഡയിൽ സർവീസ് നടത്തുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൂറിച്ച്, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലേക്കാണ് നോയിഡയിൽ നിന്നുള്ള അന്താരാഷ്‌ട്ര സർവീസുകൾ. ലക്‌നൗ, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ഡെറാഡൂൺ, ഹുബ്ലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ആഭ്യന്തര സർവീസുകൾ നടത്തുക.