രാജ്യത്തുടനീളം 49000 കോടി രൂപ ചിലവിൽ 75 ടണൽ പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നതായി കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. World Tunnel Day 2024 സമ്മേളനത്തിൽ സുരക്ഷിതവും സുസ്ഥിരവുമായ തുരങ്കനിർമ്മാണത്തെക്കുറിച്ചു് സംസാരിക്കവേയാണ് ഗഡ്കരി ഇന്ത്യയുടെ തുരങ്ക ഗതാഗത മേഖലയിലെ പുരോഗതികൾ വിശദീകരിച്ചത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യ്ക്ക് ആണ് തുരങ്കപാതകളുടെ നിർമാണച്ചുമതല.
ലോകോത്തര നിലവാരമുള്ള തുരങ്കപാതകളുടെ നിർമാണമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ ഉയർത്തുന്നതിൽ ആഗോള നിലവാരമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർണായക സ്വാധീനമുണ്ടാക്കും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നതായും ഗഡ്കരി പറഞ്ഞു.
75 ടണലുകളിൽ 35 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. ഇത് 49 കിലോമീറ്റർ വരും. 20000 കോടി രൂപയാണ് ഈ 35 ടണലുകളുടെ നിർമാണച്ചിലവ്. 75 ടണലുകൾ പൂർത്തിയാകുന്നതോടെ 146 കിലോമീറ്റർ ദൂരമാകും. ഇതിനായി മൊത്തം 49000 കോടി ചിലവ് വരും. ഇത് കൂടാതെ 285 കിലോമീറ്ററിൽ 78ഓളം ടണലുകളുടെ നിർമാണത്തിനും പദ്ധതിയുണ്ട്. 1.10 ലക്ഷം കോടി രൂപ ചിലവ് വരുന്ന പദ്ധതികൾ സമീപഭാവിയിൽത്തന്നെ ആരംഭിക്കും. ബ്രഹ്മപുത്ര നദിയിലെ പ്രധാന ടണൽ പദ്ധതിയുമായി ബന്ധപ്പെട്ട് അസം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതായും ഗഡ്കരി പറഞ്ഞു.
Union Minister Nitin Gadkari highlights India’s ambitious tunnel infrastructure projects worth Rs 49,000 crore, with 75 tunnels under construction, enhancing sustainable transport and economic growth.