നിർദിഷ്ട കൊച്ചി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷന് (KCA) സംസ്ഥാന സർക്കാർ ഉടൻ അനുമതി നൽകുമെന്ന് പ്രതീക്ഷ. ആലുവ-നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ചെങ്ങമനാട് വില്ലേജിൽ 30 ഏക്കർ സ്ഥലമാണ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി നൽകുക. 40,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയത്തിന്റെ നിർമാണച്ചിലവ് 450 കോടി രൂപയാണ്.
300 ഏക്കർ ഉപയോഗശൂന്യമായ സ്ഥലത്ത് നിന്നുമാണ് 30 ഏക്കർ സ്ഥലം കെസിഎ തിരഞ്ഞെടുത്തത്. ആൾപ്പാർപ്പില്ലാത്ത പ്രദേശമായതിനാൽ പദ്ധതിക്കായി വീടുകൾ ഒഴിപ്പിക്കേണ്ടി വരില്ലെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു. ഈ ഭൂമിക്ക് നിലവിൽ ബിസിസിഐ അംഗീകാരം ലഭിച്ചതാണ്. സംസ്ഥാന സർക്കാറിനു കീഴിലുള്ള റെവന്യൂ-കൃഷി വകുപ്പുകളുടെ അനുമതി ലഭിക്കുന്നതോടെ സ്റ്റേഡിയം നിർമാണത്തിന്റെ പ്രാരംഭ നടപടികളിലേക്ക് കടക്കാനാകും. ഇതിനായി കെസിഎ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.
2024 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന കായിക ഉച്ചകോടിയിലാണ് കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള നിർദേശം കെസിഎ കേരള സർക്കാറിനു മുൻപിൽ സമർപ്പിച്ചത്. സ്റ്റേഡിയം നിർമാണത്തിനായുള്ള 450 കോടി രൂപയും ബിസിസിഐ ആണ് വഹിക്കുക. അനുമതി ലഭിച്ചാൽ മൂന്ന് വർഷങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കും.
The Kerala Cricket Association is set to acquire land for the Kochi International Cricket Stadium. With 30 acres in Chengamanadu Village, this Rs 450 crore project will feature 40,000 seats, with construction expected to complete in three years.