ഏറ്റവും വേഗത്തിൽ ആയിരം കോടി രൂപ കലക്ഷൻ നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2. ആറ് ദിവസം കൊണ്ട് 1000 കോടി നേടിയാണ് ചിത്രം റെക്കോർഡ് സൃഷ്ടിച്ചത്. ഇന്ത്യയിൽ ആയിരം കോടി കലക്ഷൻ നേടിയ മറ്റ് ചിത്രങ്ങളെക്കുറിച്ചറിയാം.
ദംഗൽ
നിതീഷ് തിവാരി സംവിധാനം ചെയ്ത ആമിർ ഖാൻ ചിത്രം ദംഗൽ ആണ് ഏറ്റവുമധികം പണം വാരിയ ഇന്ത്യൻ സിനിമ. ബോക്സോഫീസിൽ 2000 കോടിയിലധികം സ്വന്തമാക്കിയ ചിത്രം 1000 കോടി നേട്ടത്തിലെത്തിയ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ്.
ബാഹുബലി 2, RRR
എസ്.എസ്. രാജമൗലി പ്രഭാസ് കൂട്ടുകെട്ടിൽ 2017ൽ ഇറങ്ങിയ ബാഹുബലി 2 വെറും പത്ത് ദിവസം കൊണ്ടാണ് 1000 കോടി കലക്ഷൻ നേടിയത്. ഇന്ത്യയിൽ മാത്രം 1,430 കോടി രൂപയും ലോകമെങ്ങും നിന്ന് 1,810 കോടി രൂപയുമാണ് ഇതിഹാസ ചിത്രം നേടിയത്. 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്ത ഏക സംവിധായകനും രാജമൗലിയാണ്. 2022ൽ റിലീസ് ചെയ്ത രാജമൗലി ചിത്രമായ ആർആർആർ 1300 കോടി രൂപയാണ് ബോക്സോഫീസിൽ നേടിയത്.
KGF 2, കൽക്കി 2898 ഏഡി
പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് നായകനായെത്തിയ കെജിഎഫ് 2 ബോക്സോഫീസിൽ നേടിയത് 1250 കോടി രൂപയാണ്. 1200 കോടി രൂപയാണ് പ്രഭാസ് നായകനായി നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 ഏഡി എന്ന് ചിത്രത്തിന്റെ തിയേറ്റർ വരുമാനം. കൽക്കിയിലൂടെ രണ്ട് ചിത്രങ്ങൾ 1000 കോടി കടക്കുന്ന നായകൻ എന്ന പദവിയും പ്രഭാസ് സ്വന്തമാക്കി.
പത്താൻ, ജവാൻ
ഇതേ ബഹുമതിയുള്ള മറ്റൊരു താരമാണ് ഷാരൂഖ് ഖാൻ. സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ ആണ് ഷാരൂഖിന്റെ ആദ്യ 1000 കോടി ചിത്രം. ഇതിനു പിന്നാലെ തമിഴ് സൂപ്പർ സംവിധായകൻ ആറ്റ്ലിയുടെ ആദ്യ ഹിന്ദി ചിത്രം ജവാനിലൂടെയും ഷാരൂഖ് ആയിരം കോടി ക്ലബ്ബിൽ കയറി.
Discover the top 7 Indian directors whose films crossed the ₹1000 crore mark globally, setting new benchmarks for Indian cinema and showcasing its global appeal.