കേരളത്തിൽനിന്നും തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യം സംസ്ഥാനത്തേക്കു തന്നെ തിരിച്ചയക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിൻറെ (NGT) ഉത്തരവ് പ്രകാരമാണ് മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാനുളള നടപടി. ഇതിനായി തിരുവനന്തപുരം അസിസ്റ്റൻറ് കളക്‌ടർ സച്ചി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തിരുവനന്തപുരം നഗരസഭാ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സംഘം തിരുനെൽവേലിയിൽ എത്തിയിരുന്നു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേരളത്തിന്റെ അപര്യാപ്തത വെളിവാക്കുന്നതും കനത്ത നാണക്കേടുമായിരിക്കുകയാണ് സംഭവം.
ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ തള്ളിയ ബയോമെഡിക്കൽ, പ്ലാസ്റ്റിക്, ഭക്ഷണം, മറ്റ് മാലിന്യങ്ങൾ എന്നിവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ എൻജിടി കേരളത്തിനോട് ആവശ്യപ്പെട്ടത്. പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ സതേൺ ബെഞ്ചിൻ്റെ നിർദേശത്തെത്തുടർന്നാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടി.
ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ് അനുസരിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും തമിഴ്നാട് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന് നടുക്കല്ലൂർ, കൊടകനല്ലൂർ, മേലതിടിയൂർ എന്നിങ്ങനെ വിവിധ ഭാഗങ്ങളിലെ മാലിന്യം തിരിച്ചയക്കുകയായിരുന്നു. ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്ത് ട്രക്കുകളിൽ കയറ്റി കേരളത്തിലേക്ക് കൊണ്ടുപോകുന്ന നടപടികളാണ് പുരോഗമിക്കുന്നത്. മാലിന്യം കേരളത്തിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാനും തമിഴ്‌നാട് പൊലീസിന് നിർദേശമുണ്ട്.
കേരളത്തിൽനിന്നുള്ള ടൺകണക്കിന് മാലിന്യം തമിഴ്നാട്ടിൽ തള്ളിയ സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം കാൻസർ സെൻ്ററിൽ നിന്നും സ്വകാര്യ ആശുപത്രിയിൽ നിന്നുമുള്ള മെഡിക്കൽ മാലിന്യം തളളിയതിനടക്കമാണ് അറസ്റ്റ്. ഇത് തെളിയിക്കാനായി മാലിന്യ കൂമ്പാരത്തിൽ നിന്നും കണ്ടെത്തിയ ആശുപത്രി രേഖകൾ തിരുനെൽവേലി ജില്ലാ ഭരണകൂടം ഹരിത ട്രൈബ്യൂണലിന് കൈമാറിയിരുന്നു. മെഡിക്കൽ മാലിന്യം കൊണ്ടുവന്ന ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
The return of medical waste dumped in Tirunelveli from Kerala follows an NGT order. The incident reveals Kerala’s waste management shortcomings and ongoing efforts to address the situation