സീരീസ് എ ഫണ്ടിങ്ങിൽ 8.3 മില്യൺ ഡോളർ സമാഹരിച്ച് ലഘുഭക്ഷണ ബ്രാൻഡായ ബിയോണ്ട് സ്നാക്ക് (Beyond Snack). കേളത്തിൽ നിന്നുള്ള ബനാന ചിപ്സ് ബ്രാൻഡ് ആണ് ബിയോണ്ട് സ്നാക്ക്. റെക്കിറ്റ് ബെൻക്കിസർ മുൻ സിഇഒ രാകേഷ് കപൂറിനു കീഴിലുള്ള 12 ഫ്ലാഗ്സ് ഗ്രൂപ്പ് (12 Flags Group) കൺസ്യൂമർ ബിസിനസുകൾക്കായി നടത്തിയ ഫണ്ടിങ്ങിലാണ് ബിയോണ്ട് സ്നാക്ക് വൻ തുക സമാഹരിച്ചത്. നിലവിലെ നിക്ഷേപകരായ NAB Ventures, Enrission India Capital തുടങ്ങിയ കമ്പനികളും സീരീസ് എ ഫണ്ടിങ്ങിൽ പങ്കെടുത്തു.
2020ൽ ആരംഭിച്ച കമ്പനി നാല് വർഷം കൊണ്ട് 300 കോടി മൂല്യത്തിലെത്തി. ഫണ്ടിങ് തുക കൂടുതൽ മാർക്കറ്റുകളിലേക്ക് വ്യാപിപ്പിക്കാൻ ഉപയോഗപ്പെടുത്തുമെന്ന് ബിയോണ്ട് സ്നാക്ക് സ്ഥാപകൻ മാനസ് മധു പറഞ്ഞു. 2026ഓടെ 40000 ഔട്ട്ലെറ്റുകളിൽ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. ദക്ഷിണേന്ത്യയിലെ കൂടുതൽ നഗരങ്ങളിൽ സാന്നിദ്ധ്യം ഉറപ്പിക്കും-അദ്ദേഹം പറഞ്ഞു.
നിലവിൽ 20000 ഔട്ട്ലെറ്റുകളിൽ വിതരണമുള്ള ബിയോണ്ട് സ്നാക്കിന് മുൻപ് 4 മില്യൺ ഡോളറിന്റെ ഫണ്ടിങ് ലഭിച്ചിരുന്നു. ഇന്ത്യയ്ക്കു പുറമേ 12ലധികം രാജ്യങ്ങളിൽ കമ്പനി ഉത്പന്നങ്ങൾ ലഭ്യമാണ്. കേരളത്തിലെ ഏറ്റവും പ്രശസ്ത സ്നാക്ക് ആയിട്ടും ബനാന ചിപ്സ് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താനായില്ല എന്ന ചിന്തയിൽ നിന്നാണ് മധു ഈ സംരംഭത്തിലേക്ക് എത്തിയത്. ഇന്ന് പാക്കിങ്ങിലും മറ്റും ഏത് അന്താരാഷ്ട്ര ഉത്പന്നങ്ങളോടും കിടപിടിക്കുന്ന രീതിയിലാണ് ബിയോണ്ട് സ്നാക്ക് എത്തിനിൽക്കുന്നത്. ഷാർക് ടാങ്ക് ഇന്ത്യ സീസൺ വണ്ണിൽ പങ്കെടുത്ത കമ്പനിക്ക് അഷ്നീർ ഗ്രോവർ, അമൻ ഗുപ്ത എന്നിവരിൽ നിന്നും നിക്ഷേപം ലഭിച്ചിരുന്നു.
Beyond Snack raises $8.3 million in Series A funding led by 12 Flags Group. Valued at ₹300 crore, the Kerala-based brand plans to expand its reach to 40,000 outlets and new cities by FY26, while enhancing supply chain efficiency.