വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് പുതിയ ഉണർവ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള തീരദേശ പരിപാലന അതോറിറ്റി (KCZMA) തുറമുഖ വിപുലീകരണത്തിനായുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിക്കായി ശുപാർശ നൽകി. KCZMA കഴിഞ്ഞ മാസം പരിസ്ഥിതി, വനം മന്ത്രാലയത്തിന് ഇത് സംബന്ധിച്ച് ശുപാർശ നൽകുകയും തുടർന്ന് വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ജനുവരി 4ന് കേന്ദ്രത്തിൻ്റെ പോർട്ടലിൽ അപേക്ഷ സമർപ്പിക്കുകയുമായിരുന്നു.
അടുത്ത ഘട്ടമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ നടക്കും. രണ്ട് മാസത്തിനകം തുടർ വിപുലീകരണത്തിനായി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടം വൻ വിജയമായതിനാൽ തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് അടിയന്തര പ്രാധാന്യമാണ് നൽകപ്പെടുന്നത്. 2,900 മീറ്റർ ബ്രേക്ക്‌വാട്ടർ വിപുലീകരണമാണ് വികസനപദ്ധതിയിൽ ആദ്യ ഘട്ടത്തിൽ നടക്കുക. 9,540 കോടി രൂപയാണ് രണ്ടും മൂന്നും പദ്ധതികളുടെ വിപുലീകരണത്തിനുള്ള ചിലവ്. പാരിസ്ഥിതിക അനുമതി ലഭിച്ചാൽ മാത്രമേ രണ്ടും മൂന്നും ഘട്ടങ്ങളുടെ വികസനവുമായി മുന്നോട്ടുപോകാൻ കഴിയൂ. നേരത്തെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഉദ്യോഗസ്ഥ സംഘം തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ ആഘാതം വിലയിരുത്തിയിരുന്നു.
അതേസമയം തുറമുഖ വിപുലീകരണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028ഓടെ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിന് നിർദേശം നൽകി. നേരത്തെ 2045 ആയിരുന്നു സമയപരിധി.
Vizhinjam Port’s second and third phases are gaining momentum as KCZMA recommends central environmental clearance. Learn about the Rs 9,540 crore project and its accelerated timeline.