രണ്ട് മുൻനിര നാവിക കപ്പലുകളും, ഒരു മുങ്ങിക്കപ്പലുമായി ഇന്ത്യൻ നാവികസേന കൂടുതൽ കരുത്താർജ്ജിച്ചിരിക്കുകയാണ്. ഐഎൻഎസ് സൂറത്ത്, ഐഎൻഎസ് നീലഗിരി എന്നീ യുദ്ധക്കപ്പലുകളും ഐഎൻഎസ് വാഗ്ഷീർ എന്ന മുങ്ങിക്കപ്പലുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യം സ്ഥാപിക്കാനും ചൈനയുടെ ഭീഷണി ചെറുക്കാനും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ നീക്കം.
പ്രൊജക്റ്റ് 15 ബി ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ പദ്ധതിയിലെ നാലാമത്തേയും അവസാനത്തേയും കപ്പലായ ഐഎൻഎസ് സൂറത്ത്, പ്രൊജക്റ്റ് 17 എ സ്റ്റെൽത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പലായ ഐഎൻഎസ് നീലഗിരി, പി75 സ്കോർപീൻ പദ്ധതിയുടെ ആറാമത്തേയും അവസാനത്തേയും അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീർ എന്നിവയാണ് ഇന്ത്യൻ നാവികസേനയ്ക്ക് കരുത്ത് പകരുന്ന പുതിയ അംഗങ്ങൾ. നിലവിൽ കടൽമാർഗമുള്ള ഇന്ത്യയുടെ 95% വ്യാപാരനീക്കങ്ങളും ഇന്ത്യൻ മഹാസമുദ്രം കേന്ദ്രീകരിച്ചാണ്. ഇവിടെ സമീപകാലത്ത് ഉണ്ടായ ചൈനീസ് മേൽക്കോയ്മ മറികടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പുതിയ പടക്കപ്പലുകളും മുങ്ങിക്കപ്പലുമായി എത്തുന്നത്.
മുൻപ് അറ്റ്ലാൻ്റിക് സമുദ്രത്തിന് ഉണ്ടായിരുന്ന പ്രാധാന്യം ഇപ്പോൾ ഇന്ത്യൻ മാഹസമുദ്രത്തിലേക്ക് മാറിയിരിക്കുന്നു എന്നും ഈ മേഖലയിൽ ശക്തമായ സ്വാധീനം ഉണ്ടാകേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഈ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലും എത്തുന്നത്. ഇതോടെ ചൈനീസ് നാവികസേനയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സാഹചര്യം മേഖലയിൽ ഉണ്ടായിരിക്കുകയാണെന്ന് പ്രതിരോധ നിരീക്ഷകർ പറയുന്നു.
India strengthens maritime security with the commissioning of the INS Vagsheer submarine and advanced naval platforms. The move aims to secure the Indian Ocean amid rising Chinese naval activity and reinforces India’s defense leadership.