അമേരിക്കൻ സന്ദർശനത്തിനിടെ യുഎസ് ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്മെന്റ് (DOGE) മേധാവിയും ടെസ്ല-സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈറ്റ് ഹൗസിനു സമീപമുള്ള ബ്ലെയർ ഹൗസിൽ വെച്ചാണ് ഇലോൺ മസ്കുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി.

മസ്കും കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ എടുത്ത നിരവധി ഫോട്ടോകളും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ പരിഷ്കരണത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ചും ‘മിനിമം ഗവൺമെന്റ്, മാക്സിമം ഗവർണൻസ്’ മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ചും മോഡി സംസാരിച്ചു. ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, സ്റ്റാർലിങ്ക്, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തു. സ്റ്റാർലിങ്ക് ഉപഗ്രഹ ശൃംഖല ഇന്ത്യയിൽ തുടങ്ങാൻ സന്നദ്ധമാണെന്ന് നേരത്തെ മസ്ക് പ്രഖ്യാപിച്ചിരുന്നു.

ഇലോൺ മസ്കുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി ബ്ലെയർ ഹൗസിൽ വെച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വോൽസനുമായും പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി.
PM Narendra Modi met Elon Musk in the US, discussing space, mobility, AI, and Starlink expansion in India. The meeting highlighted Indo-US tech cooperation.