യുകെയിലെ യൂണിവേഴ്സിറ്റി ഫോർ ക്രിയേറ്റീവ് ആർട്‌സിൽ പഠന വിഷയമായി മമ്മൂട്ടി നായകനായ മലയാളം ഹൊറർ-ത്രില്ലർ ചിത്രം ഭ്രമയുഗം. ഇംഗ്ലണ്ടിലെ ഫാർൺഹാമിലുള്ള ഫിലിം സ്കൂളിൽ ഭ്രമയുഗത്തെ മുൻനിർത്തി അധ്യാപകൻ ക്ലാസ് എടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. അധ്യാപകൻ ചിത്രത്തിന്റെ ശബ്ദ രൂപകൽപന വിശകലനം ചെയ്യുന്ന വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്.

പ്രത്യേക രംഗങ്ങളിൽ ഭ്രമയുഗത്തിന്റെ ശബ്ദരേഖയുടെ വിശദമായ വിശദീകരണം വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയിൽ പിരിമുറുക്കം സൃഷ്ടിക്കുന്നതിലും ഭയാനകമായ അന്തരീക്ഷം വർധിപ്പിക്കുന്നതിലും ഈ രംഗങ്ങൾ പ്രധാന പങ്കു വഹിക്കുന്നതായി അധ്യാപകൻ വിശകലനം ചെയ്യുന്നു. തിയേറ്റർ റിലീസിനിടെ തന്നെ ഭ്രമയുഗത്തിന്റെ സാങ്കേതിക നിലവാരം, ദൃശ്യങ്ങൾ, ശബ്ദ രൂപകൽപന എന്നിവയുടെ പേരിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോൾ അന്താരാഷ്ട്രതലത്തിലും അതേ വശങ്ങൾ പരിഗണിക്കപ്പെടുകയും പരാമർശിക്കപ്പെടുകയും ചെയ്യുന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ലോകനിലവാരമുള്ള ചിത്രങ്ങൾ മലയാളത്തിൽ നിന്ന് പുറത്തുവരുന്നു എന്നതിൻറെ തെളിവായാണ് വീഡിയോ സമൂഹമാധ്യമങ്ങിൽ പങ്കുവെയ്ക്കപ്പെടുന്നത്.

ചിത്രത്തിൻറെ സംവിധായകൻ രാഹുൽ സദാശിവൻ, സംഗീത സംവിധായകൻ ക്രിസ്റ്റോ സേവ്യർ, നടൻ അർജുൻ അശോകൻ എന്നിവരെല്ലാം വീഡിയോ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആഗോള വ്യാപനത്തിന് നന്ദി പറയുന്നതായി അവർ അറിയിച്ചു. മമ്മൂട്ടിയേയും അർജുൻ അശോകനേയും കൂടാതെ സിദ്ധാർഥ് ഭരതൻ, മണികണ്ഠൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൊടുമൺ പോറ്റിയെന്ന ഏറെ വ്യത്യസ്തതകൾ നിറഞ്ഞ കഥാപാത്രത്തെയാണ് മമ്മൂട്ടി ഭ്രമയുഗത്തിൽ അവതരിപ്പിച്ചത്.
Malayalam horror-thriller Bhramayugam, starring Mammootty, is being studied at the University for Creative Arts in the UK for its sound design and technical brilliance.