ട്രെയിൻ ഇറങ്ങി റോഡ് ക്രോസ്സ് ചെയ്തു പ്രത്യേക ഇലക്‌ട്രിക്ക് ബസ്സിൽ കയറി വിമാനം കയറാം, വിമാനം ഇറങ്ങി ഇതുപോലെ റെയിൽവേ സ്റ്റേഷനിലെത്തി നാട്ടിലേക്ക് ട്രെയിനും പിടിക്കാം. പ്രവാസികളുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നിർണായക നീക്കവുമായി രംഗത്തെത്തുകയാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമായി പുതിയ റെയിൽവേ സ്റ്റേഷൻ വരുന്നു . ഇവിടെ കേരളത്തിന്റെ അതിവേഗ തീവണ്ടിയായ വന്ദേ ഭാരത് ഉൾപ്പെടെ സുപ്രധാന ട്രെയിനുകൾക്കു സ്റ്റോപ്പ് ഉണ്ടാകും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം പുതിയ റെയില്‍വേ സ്റ്റേഷൻ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടലിനെ തുടർന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രത്യേക താല്‍പര്യം എടുത്താണ് നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജർ ആർ. എൻ സിങിനോട് സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കാൻ റെയിൽവേ മന്ത്രാലയം നിർദ്ദേശം നല്‍കി.

ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് എയർപോർട്ട് സ്റ്റേഷന് സ്ഥലം നിർദ്ദേശിച്ചതെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. അടുത്തിടെ മന്ത്രി അശ്വിനി വൈഷ്ണവിനൊപ്പം തൃശൂർ വരെ പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്തിരുന്നു.
പുതിയ രൂപരേഖ പ്രകാരം സ്റ്റേഷന്റെ സ്ഥാനം നെടുമ്പാശ്ശേരിയിലെ സോളർ പാടത്തിന് സമീപമാണ്. എറണാകുളം ടെർമിന്സ് കഴിഞ്ഞാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ഉയരുന്ന റെയിൽവേ സ്റ്റേഷനായി ട്രാക്കിന് സമീപം റെയില്‍വേയുടെ ഭൂമിയും ലഭ്യമാണ്. അത്താണി ജംഗ്ഷൻ- എയർപോർട്ട് റോഡിലെ മേല്‍പ്പാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം ആരംഭിക്കുക. ഇവിടെ നിന്നും ഒന്നര കിലോമീറ്ററാണ് വിമാനത്താവളത്തിലേക്കുള്ള ദൂരം. ഈ റൂട്ടില്‍ സിയാല്‍ ഇലക്‌ട്രിക്ക് ബസ് സർവ്വീസ് നടത്തും.

കൊച്ചി മെട്രോയും നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സർവീസ് നടത്താനുള്ള സാധ്യത പഠനത്തിലാണ്. അങ്ങനെ വരുമ്പോൾ കൊച്ചി നഗരത്തിൽ നിന്നും മെട്രോയിൽ കയറി വിമാനത്താവളത്തിലെത്താം. കൊച്ചി ക്കു ചുറ്റുമുള്ള ട്രെയിൻ സൗകര്യമുള്ള ഏതു ജില്ലയിൽനിന്നും കാര്യമായ ചിലവില്ലാതെ പ്രവാസികൾക്കടക്കം നെടുമ്പാശേരി വിമാനത്താവളത്തിലെത്താമെന്നത് പുതിയ റെയിൽവേ സ്റ്റേഷൻ കൊണ്ടുള്ള ഗുണമാണ്.
കൊച്ചി മെട്രോ മൂന്നാം ഘട്ടം ഭൂഗർഭ പാതയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാൻ കേരളം തയാറെടുക്കുകയാണ് . ഇതിനു കേന്ദ്ര സഹായവും സാമ്പത്തിക പിന്തുണയും തേടുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും പുതിയ പാത നിര്‍മിക്കാന്‍ വിശദമായ പുതിയ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം കേന്ദ്ര പിന്തുണ തേടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭാഗത്ത് 5 കിലോമീറ്റർ ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാണ് മൂന്നാം ഘട്ടം വിഭാവനം ചെയ്യുന്നത്. 19 കിലോമീറ്റർ പുതിയ ആലുവ – വിമാനത്താവളം – അങ്കമാലി റൂട്ടിന് 8000 കോടി രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍.
A new railway station near Nedumbassery Airport is coming with the support of Union Minister George Kurian and Railway Minister Ashwini Vaishnaw. It will be between Angamaly and Aluva, just 1.5 km from the airport. CIAL will run electric buses for easy travel. Kochi Metro plans to extend its service to the airport, with Kerala seeking central support for a 19 km metro line, including a 5 km underground stretch, costing ₹8,000 crore.