
ഗവേഷണ വികസനം (R&D), ഐടി, ബിസിനസ് പ്രോസസ് മാനേജ്മെന്റ് (BPM) തുടങ്ങിയ നിർണായക പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായുള്ള കേന്ദ്രങ്ങളാണ് ഗ്ലോബൽ ക്യാപ്പബിലിറ്റി സെന്ററുകൾ (GCC) എന്ന് അറിയപ്പെടുന്നത്. ഇത്തരത്തിൽ ഇന്ത്യയിലെ ടൂ ടയർ നഗരങ്ങളിൽ ജിസിസി കേന്ദ്രങ്ങളായി ഉയർന്നുവരാൻ ഏറ്റവും അനുയോജ്യമായ നഗരങ്ങളാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവയെന്ന് രണ്ട് പ്രമുഖ കൺസൾട്ടൻസികൾ നടത്തിയ സർവേകളിൽ കണ്ടെത്തൽ. കോളിയേഴ്‌സ് ഇന്ത്യ (Collier’s India), ഇൻഡക്റ്റസ് ലിമിറ്റഡ് (Inductus Limited) എന്നിവയുടെ റിപ്പോർട്ടിലാണ് ആഗോള ടെക് കേന്ദ്രങ്ങളാകാൻ ഈ മൂന്ന് നഗരങ്ങൾക്കുള്ള ശേഷി വിലയിരുത്തപ്പെട്ടത്.

തലസ്ഥാനത്തെ ടെക്നോപാർക്ക്, കൊച്ചിയിലെ ഇൻഫോപാർക്ക്, കോഴിക്കോട്ടെ സൈബർ പാർക്ക് എന്നിവ ജിസിസികൾക്ക് ആവശ്യമായ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭൂമി ലഭ്യത, കണക്റ്റിവിറ്റി, ശരിയായ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി, കുറഞ്ഞ പ്രവർത്തനച്ചിലവ് തുടങ്ങിയവയിൽ ഈ നഗരങ്ങൾ മുൻപന്തിയിലാണെന്ന് ‘ഇന്ത്യയിലെ ഉയർന്നുവരുന്ന നിക്ഷേപ അവസരങ്ങൾ’ എന്ന കോളിയേഴ്‌സ് ഇന്ത്യ (Collier’s India) റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഭൗതിക-സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, ജനസംഖ്യാശാസ്ത്രവും സാമ്പത്തിക ഘടകങ്ങളും, റിയൽ എസ്റ്റേറ്റ് സാഹചര്യം എന്നീ പ്രധാന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ ഈ നഗരങ്ങളെ തിരഞ്ഞെടുത്തത്.

ഡൽഹി ആസ്ഥാനമായ കൺസൾട്ടിംഗ് ആൻഡ് ടെക്നോളജി സ്ഥാപനമായ ഇൻഡക്റ്റസ് ലിമിറ്റഡിന്റെ ‘ഇന്ത്യ: ജിസിസികൾക്കുള്ള മുൻഗണനാ ലക്ഷ്യസ്ഥാനം’ എന്ന റിപ്പോർട്ട് പ്രകാരം ഭൂമി ലഭ്യത, സർക്കാർ നയങ്ങൾ, ബിസിനസ് പരിഷ്കാരങ്ങൾ തുടങ്ങിയ ഘടകങ്ങൾ തിരുവനന്തപുരത്തെ വളർന്നുവരുന്ന ജിസിസി കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു. ഇതിനു പുറമേ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങൾ ഇന്നൊവേഷൻ ഹബ്ബുകളായി പരിണമിക്കുന്നതിന് പ്രതിഭാ ശേഖരം, ആവാസവ്യവസ്ഥ, കണക്റ്റിവിറ്റി, കുറഞ്ഞ പ്രവർത്തനച്ചെലവ്, കുറഞ്ഞ കൊഴിഞ്ഞുപോക്ക് നിരക്ക്, ശക്തമായ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ പ്രധാന ഘടകങ്ങളാണെന്നും വ്യക്തമാക്കുന്നു.
Thiruvananthapuram, Kochi, and Kozhikode are emerging as top-tier Global Capability Centres (GCCs) in India, driven by strong infrastructure, skilled talent, and low operating costs.