കേരളത്തിന്റെ വ്യവസായ വികസനത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് തെളിയിക്കുന്നതായിരുന്നു ഇൻവെസ്റ്റ് കേരള സമ്മിറ്റ് എന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. ചാനൽ അയാം ഡോട്ട് കോം ഫൗണ്ടർ നിഷകൃഷ്ണനോട് സംസാരിക്കവേ, കേരളമാണ് ഇനി ഭാവിയെന്നും, ആ സാധ്യതയിലേക്ക് ലുലു ഗ്രൂപ്പ് 5000 കോടി കൂടി നിക്ഷേപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ അഞ്ച് വർഷം കൊണ്ടാണ് ലുലു ഗ്രൂപ്പ് 5000 കോടി രൂപ നിക്ഷേപിക്കുക. ഇൻവെസ്റ്റ് കേരളയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. റീട്ടെയിൽ ഷോപ്പിങ് മാൾ, ഹോട്ടലുകൾ എന്നു തുടങ്ങി ലുലുവിന് കേരളത്തിൽ വിവിധ മേഖലകളിൽ നിക്ഷേപമുണ്ട്. വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതാണ് ഇൻവെസ്റ്റ് കേരള. കേന്ദ്രത്തിന്റേയും കേരളത്തിന്റേയും ഭാഗത്തു നിന്നും അത്തരം നിരവധി അവസരങ്ങൾ ഇൻവെസ്റ്റ് കേരളയിലൂടെ തുറന്നു. ഇങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവും എല്ലാം ചേർന്ന് യൂനിഫൈഡ് കേരള എന്ന ഒരു അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ഇതാണ് ഇൻവെസ്റ്റ് കേരളയിലൂടെ സംഭവിച്ച പ്രധാന നേട്ടമെന്ന് അഷ്റഫ് അലി പറഞ്ഞു. മറ്റ് നിക്ഷേപകർക്ക് മാതൃകയാകാൻ കേരളത്തിലെ നിക്ഷേപത്തിലൂടെ ലുലുവിന് സാധിച്ചു. കേരളം ഒരു നിക്ഷേപ സൗഹാർദ സംസ്ഥാനമാണെന്നും ഏത് നിക്ഷേപകരെ സ്വീകരിക്കാനും സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ കേരളത്തിലെ സംരംഭക രംഗത്ത് നിരവധി മാറ്റങ്ങളുണ്ടായി. കേരളത്തിൽ നിക്ഷേപിക്കാനാണ് ലുലു എപ്പോഴും പ്രാമുഖ്യം നൽകുന്നത്. ലുലുവിന്റെ നിക്ഷേപങ്ങളിലൂടെ കേരളം സംരംഭക സൗഹാർദപരമാണ് എന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. ഇതേ അഭിപ്രായം തന്നെയാണ് ഇൻവെസ്റ്റ് കേരളയിലും ഉയർന്നുവന്നിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ചെയർമാൻ കേരളത്തിൽ 5000 കോടിയുടെ കൂടി നിക്ഷേപം പ്രഖ്യാപിച്ചത്. ഭക്ഷ്യ സംസ്കരണ, ഐടി തുടങ്ങിയ മേഖലകളിലായിരിക്കും ഈ നിക്ഷേപമെന്നും അഷ്റഫ് അലി പറഞ്ഞു.
സാങ്കേതികപരമായി ഉയർന്ന അറിവും വിദ്യാഭ്യാസവും നേടിയവരാണ് ജെൻ സീയിൽ ഉള്ളവർ. അവർക്കായി പുതിയ അവസരങ്ങൾ നൽകാൻ നമുക്ക് സാധിക്കണം. അത് സാധിച്ചാൽ വിദേശത്തേക്ക് നമ്മുടെ യുവാക്കൾ ഒഴുകുന്നത് തടയാനും അവരുടെ ശേഷി രാജ്യത്തിനും സംസ്ഥാനത്തിനുമായി ഉപയോഗപ്പെടുത്താനും സാധിക്കുമെന്നും അഷ്റഫ് അലി അഭിപ്രായപ്പെട്ടു.
Lulu Group will invest Rs 5000 crore in Kerala over five years, expanding into food processing and IT, says Executive Director Ashraf Ali at Invest Kerala Summit.