മാറ്റത്തിന്റെ അലയൊലിയും വൻ നിക്ഷേപ പ്രഖ്യാപനവുമായി ഇൻവെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിക്ക് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് ഒന്നര ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. 24 ഐടി കമ്പനികൾ നിലവിലുള്ള സംരംഭങ്ങൾ വികസിപ്പിക്കാൻ സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

ഇൻവെസ്റ്റ് കേരളയിലെ നിർദേശങ്ങൾ നടപ്പാക്കാൻ അതിവേഗ സംവിധാനം ഏർപ്പെടുത്തും. ഇതിനായി നോഡൽ ഓഫിസർമാരെ നിയോഗിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കൃത്യമായ ഇടവേളകളിൽ അവലോകനെ നടത്തും. കേരളത്തിൽ നിക്ഷേപിക്കാൻ നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കാനാണ് ശ്രമിച്ചത്. നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിൽ നിക്ഷേപങ്ങൾക്ക് ഹിഡൻ കോസ്റ്റ് ഇല്ല. വ്യവസായ മേഖലയുടെ ആവശ്യ പ്രകാരം വിദ്യാഭ്യാസ കോഴ്‌സുകളിൽ മാറ്റം വന്നു. സംസ്ഥാനത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.

18 സംസ്ഥാനങ്ങളിൽ നിന്ന് വാട്ടർമെട്രോ സാങ്കേതിക പഠനത്തിന് കെഎംആർഎല്ലിന് കരാർ ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ മുപ്പതിനായിരം കോടി രൂപയും ലുലു ഗ്രൂപ്പ്, ഷറഫ് ഗ്രൂപ്പ്, മൊണാർക്ക് ഗ്രൂപ്പ് എന്നിവയുടെ 5000 കോടി രൂപ വീതമുള്ള പദ്ധതികളും ആഡ്ടെക് സിസ്റ്റംസിന്റെ ആയിരം കോടി രൂപയുടെ പദ്ധതി ആസ്റ്റർ ഗ്രൂപ്പിന്റെ 850 കോടി രൂപയുമാണ് ഇൻവെസ്റ്റ് കേരളയിലെ പ്രധാന നിക്ഷേപങ്ങൾ. അൽഹിന്ദ്, ബോബി ചെമ്മണ്ണൂർ, ദയ ഹോസ്പിറ്റൽ എന്നിവയും സംസ്ഥാനത്ത് 500 കോടി രൂപയുടെ നിക്ഷേപം നടത്തും. നിക്ഷേപവുമായി ബന്ധപ്പെട്ട അന്തിമ ധാരണയല്ല മറിച്ച് താൽപര്യപത്രമാണ് ഈ സ്ഥാപനങ്ങളുമായെല്ലാം ഒപ്പിട്ടിരിക്കുന്നത്. നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ മാത്രം ചേർത്താണ് അന്തിമ കണക്കെന്ന് വ്യവസായ മന്ത്രി വിശദീകരിച്ചു.

കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മുസ്ലിം ലീഗ് നേതാവും മുൻ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലികുട്ടി എന്നിവർ സമാപന വേദിയിലെത്തി. വികസനത്തിന് വേണ്ടി കേന്ദ്രവും കേരളവും ഒരുമിച്ച് നിൽക്കുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രം അനുവദിച്ച ഗെയിൽ, വിഴിഞ്ഞം, ഹൈപ്പർ ലൈൻ, ദേശീയ പാത വികസനം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയ കേരളത്തെ ജോർജ് കുര്യൻ അഭിനന്ദനിച്ചു.
Invest Kerala Global Summit 2025 secured ₹1,52,905.67 crore in investment proposals, with 374 companies showing interest in Kerala’s business growth. Key focus: IT, infrastructure, and global collaboration.