വമ്പൻ നിക്ഷേപങ്ങൾക്ക് ഒരുങ്ങി ഇന്ത്യയുടെ ആരോഗ്യ വ്യവസായ രംഗം. അദാനി, ബജാജ്, ടാറ്റ, റിലയൻസ് തുടങ്ങിയ രാജ്യത്തെ വൻകിട വ്യവസായ ഗ്രൂപ്പുകളാണ് ആരോഗ്യ രംഗത്ത് വമ്പൻ പദ്ധതികളുമായി എത്തുന്നത്. ഏതാണ്ട് 19000 കോടി രൂപയുടെ നിക്ഷേപമാണ് ഈ നാല് കമ്പനികൾ ഹെൽത്ത് കെയർ രംഗത്ത് നടത്തുന്നത്.

മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ അദാനി ഹെൽത്ത് സിറ്റികൾക്കായി (Adani Health Cities) 6000 കോടി രൂപയാണ് (USD 6.93 billion) അദാനി ഗ്രൂപ്പ് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്. ആരോഗ്യരംഗത്തെ ആഗോളഭീമൻമാരായ മയോ ക്ലിനിക്കുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് ഇന്ത്യൻ ആരോഗ്യ വ്യവസായ രംഗത്ത് ചുവടുറപ്പിക്കുക. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾക്കു പുറമേ മെഡിക്കൽ കോളേജുകൾ, നൂതന റിസേർച്ച് സംവിധാനങ്ങൾ എന്നിവയാണ് അദാനി ഹെൽത്ത് സിറ്റികളിൽ ഒരുങ്ങുക.

ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം പതിനായിരം കോടി രൂപയുടെ ആശുപത്രി ശൃംഖലയാണ് ബജാജ് ഗ്രൂപ്പ് ഇന്ത്യയിൽ കൊണ്ടുവരുന്നത്. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ (Breach Candy Hospital) 500 കോടി രൂപയുടെ നിക്ഷേപത്തിലൂടെയാണ് ടാറ്റാ ഗ്രൂപ്പ് ഹെൽത്ത് കെയർ രംഗത്ത് കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നത്. നിലവിൽ മുംബൈയിലെ ടാറ്റ മെമോറിയൽ സെന്ററിലൂടെയും ടാറ്റ ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഓങ്കോളജി വിഭാഗത്തിലുള്ള കാർക്കിനോസ് ഹെൽത്ത്കെയർ (Karkinos Healthcare) 375 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു.
Adani, Bajaj, Tata, and Reliance are investing Rs 19,000 crore in India’s healthcare sector, boosting hospitals, research, and medical infrastructure.