ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) ഇന്ത്യയിലെ ആദ്യത്തെ ഷോറൂം ആരംഭിക്കാൻ ഒരുങ്ങുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇതിനായി പ്രമുഖ വാണിജ്യ ടവറിന്റെ താഴത്തെ നിലയിൽ കമ്പനി കെട്ടിടം വാടകയ്ക്ക് എടുത്തിട്ടുണ്ട്.

ഇലോൺ മസ്കിന്റെ വാഹന നിർമ്മാണ കമ്പനിയായ ടെസ്ല ഏറെക്കാലമായി ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇറക്കുമതി-നിർമാണ നയങ്ങളിലെ അഭിപ്രായ വ്യത്യാസം കാരണം ഇതിൽ കാലതാമസം നേരിടുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കമ്പനി ഇന്ത്യയിൽ ജോലിക്കായി ആളുകളെ എടുത്ത് തുടങ്ങിയിരുന്നു.

ബികെസി ഷോറൂമിൽ ടെസ്ലയുടെ കാർ മോഡലുകൾ ഉടനടി പ്രദർശനത്തിന് എത്തും. ടെസ്റ്റ് ഡ്രൈവ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് കമ്പനി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചതുരശ്ര അടിക്ക് ഏകദേശം 900 രൂപയാണ് ഷോറൂം വാടക. പ്രതിമാസ വാടക ഏകദേശം 35 ലക്ഷം രൂപയോളം വരും. അഞ്ചു വർഷത്തേക്കാണ് കമ്പനി വാടക കരാർ എഴുതിയിട്ടുള്ളത്. മുംബൈയ്ക്ക് ശേഷം ഡൽഹിയിലെ എയ്റോസിറ്റി കോംപ്ലക്സിൽ മറ്റൊരു ഷോറൂം തുറക്കാനും ടെസ്ല പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്.
Tesla is set to open its first showroom in India at Mumbai’s Bandra Kurla Complex (BKC). Learn more about Tesla’s India entry, showroom details, and future plans.