ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന്റെ വൻതാര വന്യജീവി പുനരധിവാസ കേന്ദ്രം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. വൻതാര സന്ദർശിച്ച പ്രധാനമന്ത്രി മൃഗങ്ങളെ പരിപാലിക്കുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. അതോടൊപ്പം വന്യജീവി സങ്കേതത്തിലെ സഫാരിക്കായി പ്രധാനമന്ത്രി ഉപയോഗിച്ച ലാൻഡ് റോവർ ഡിഫൻഡറും വാർത്തയിൽ ഇടംപിടിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലെതന്നെ ഏറ്റവും വിലയേറിയ സഫാരി വാഹനമാണ് വൻതാരയിലെ ഈ ഡിഫൻഡർ. മിക്ക വന്യജീവി സങ്കേതങ്ങളും മഹീന്ദ്ര ബൊലേറോ, ജിപ്‌സി തുടങ്ങിയ വാഹനങ്ങളാണ് സഫാരി വാഹനങ്ങളായി ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു ആവശ്യത്തിനായി ഇതുപോലെ വിലയേറിയ കാർ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ഒന്നര കോടി രൂപയ്ക്കു മുകളിലാണ് മോഡിഫൈഡ് ഡിഫൻഡറിന്റെ ഏകദേശ വില.

അംബാനി കുടുംബം അടുത്തിടെ വാങ്ങി മോഡിഫൈ ചെയ്ത പ്രത്യേക ലാൻഡ് റോവർ ഡിഫൻഡറിലാണ് മോഡി സഫാരി നടത്തിയത്. ഡിഫൻഡറിന്റെ 110 5 ഡോർ വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സഫാരി വാഹനം. സഫാരി വാഹനങ്ങൾക്ക് അനുയോജ്യമായി വാഹനത്തിൽ നിരവധി ക്രമീകരണം നടത്തി ഓപ്പൺ ജീപ്പ് മോഡലിലാക്കിയിട്ടുണ്ട്. എസ്‌യുവിയുടെ മേൽക്കൂര മാറ്റി, തുറന്ന തരത്തിലുള്ള ഫാബ്രിക്കേറ്റഡ് മേൽക്കൂരയാക്കി സജ്ജീകരിച്ചിട്ടുണ്ട്. ബി, സി തൂണുകൾക്ക് പകരം മെറ്റൽ റോഡുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ളത്. ഇതിലൂടെ മേൽക്കൂരയുടെ ഉയരം വർദ്ധിപ്പിക്കാൻ സാധിച്ചു. വാഹനത്തിനുള്ളിൽ സുഖമായി നിൽക്കാനും മൃഗങ്ങളെ നിരീക്ഷിക്കാനും ഇത് സഹായിക്കുന്നു. പച്ച നിറത്തിലുള്ള ഷേഡിലാണ് ഡിഫൻഡർ ഉള്ളത്. ഇത് ഫാക്ടറി ഷേഡാണോ അതോ കസ്റ്റമൈസേഷന്റെ ഭാഗമാണോ എന്ന് വ്യക്തമല്ല.
ഡിജിറ്റൽ 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയർലെസ് ഫോൺ ചാർജിംഗ്, കണക്റ്റഡ് കാർ സവിശേഷതകൾ, പ്രീമിയം മെറിഡിയൻ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ബട്ടൺ സ്പർശിച്ചാൽ ക്രമീകരിക്കാവുന്ന ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്-സ്പോട്ട് അസിസ്റ്റ്, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ലെതർ അപ്ഹോൾസ്റ്ററി, റബ്ബർ ഫ്ലോറിംഗ് തുടങ്ങിയ സവിശേഷതകളോടെയാണ് ഒരു സാധാരണ ഡിഫൻഡർ വരുന്നത്.
At Reliance’s Vantara wildlife center, PM Modi toured in a customized Land Rover Defender, India’s most luxurious safari vehicle. Explore its unique modifications and features.