നിലവിലെ വിവരങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിലേക്കെത്തുന്ന ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ചിലവേറിയതാകും എന്ന് റിപ്പോർട്ട്. കമ്പനി ഇതുവരെ ഔദ്യോഗിക നിരക്ക് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവിലെ സേവനദാതാക്കളേക്കാൾ പതിന്മടങ്ങ് ചിലവേറിയതാകും സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ സേവനങ്ങളെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്റ്റാർലിങ്ക് 50-200 MBPS വേഗത വാഗ്ദാനം ചെയ്യുമ്പോൾ ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയ്ക്ക് 100-200 MBPS ആണ് വേഗത. എന്നാൽ സ്റ്റാർലിങ്ക് സേവനം ആരംഭിക്കാനുള്ള ചിലവ് (Initial upfront fees) 52242 രൂപയാണ്. എയർടെല്ലിലും ജിയോയ്ക്കും ഇത് വെറും 1000 രൂപ മാത്രമാണ്.

മാസനിരക്കിന്റെ കാര്യത്തിലും സ്റ്റാർലിങ്കിനെ തൊട്ടാൽ പൊള്ളും. 10469 രൂപയാണ് സ്റ്റാർലിങ്കിന്റെ മാസനിരക്ക് വരിക. എയർടെല്ലിൽ മാസ നിരക്ക് 799 മുതൽ 999 രൂപയും ജിയോയ്ക്ക് 699 മുതൽ 999 രൂപ വരെയുമാണ്. വിദേശ സേവന ദാതാക്കൾ ആയതുകൊണ്ടു തന്നെ സ്റ്റാർലിങ്കിൽ 30 ശതമാനം വരെ നികുതി ചിലവും വരും. എയർടെല്ലിനും ജിയോയ്ക്കും നികുതി 18 ശതമാനം മാത്രമാണ്.

ഈ കണക്കുകളിൽ ഭാവിയിൽ മാറ്റമില്ലെങ്കിൽ സ്റ്റാർലിങ്കിന് വർഷത്തിൽ 215600 രൂപ വരെ നിരക്ക് വരും. എയർടെലിന്റെ വാർഷിക നിരക്ക് 12314 മുതൽ 15146 രൂപയും ജിയോയുടേത് 10898 മുതൽ 15146 രൂപ വരെയുമാണ്.
Elon Musk’s Starlink internet service is expected to be ten times more expensive than Airtel and Jio in India, with an annual cost of up to ₹2.15 lakh.