യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് കടലിന് അടിയിലൂടെ റെയിൽയാത്ര സാധ്യമാകും എന്ന തരത്തിലുള്ള വാർത്തകൾ 2018 മുതൽ പ്രചരിക്കുന്നുണ്ട്. 2000 കിലോമീറ്ററുള്ള പാതയാണ് ഇത്തരത്തിൽ കടലിന് അടിയിലൂടെ വരിക എന്നായിരുന്നു ഇതു സംബന്ധിച്ച് ആദ്യം വന്ന റിപ്പോർട്ട്. 2018ൽ അബുദാബിയിൽ നടന്ന യുഎഇ-ഇന്ത്യ കോൺക്ലേവിൽ അബുദാബി നാഷണൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് എംഡി അബ്ദുല്ല അൽഷെഹി ഇത്തരത്തിൽ റെയിൽപ്പാത നിർമിക്കുമെന്ന് പറഞ്ഞതായി യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഫുജൈറയിൽ നിന്നും മുംബൈയിലേക്ക് കടലിന് അടിയിലൂടെ റെയിൽപ്പാത വരുമെന്നും വിനോദസഞ്ചാരികൾക്കു പുറമേ ചരക്കുനീക്കത്തിനും റെയിൽ നെറ്റ് വർക് ഉപയോഗിക്കും എന്നുമായിരുന്നു അബ്ദുല്ല അൽഷെഹി പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം അബ്ദുല്ല അൽഷെഹി പറഞ്ഞു എന്ന തരത്തിൽ ഇത്തരത്തിൽ ഒരു ട്രെയിൻ ദുബായിൽ നിന്നും മുംബൈയിലേക്ക് വരുന്നു എന്ന് ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഇവർക്ക് എവിടെ നിന്നാണ് ഈ വാർത്ത ലഭിച്ചത് എന്നതിൽ വ്യക്തതയില്ല. ഏതാനും മലയാളം ഓൺലൈൻ ചാനലുകളും ഇതേ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഫുജൈറയിൽ നിന്നാണോ അതോ ദുബായിൽ നിന്നാണോ യുഎഇ ഇത്തരമൊരു ട്രെയിൻ പദ്ധതി ആലോചിക്കുന്നത് എന്നത് വ്യക്തമല്ല. എന്നുമാത്രമല്ല 2018ലെ ചടങ്ങിൽ യുഎഇ പ്രതിനിധി പറഞ്ഞ കാര്യം വെച്ച് ഇപ്പോൾ ഈ വാർത്ത ഓൺലൈൻ മാധ്യമങ്ങൾ കൊടുക്കുന്നത് എന്തുകൊണ്ടാണെന്നുള്ളതിലും കൃത്യതയില്ല. 2018ലെ ചടങ്ങിൽ യുഎഇ പ്രതിനിധി ഇത്തരമൊരു കാര്യം പറഞ്ഞു എന്നത് ഒഴിച്ചു നിർത്തിയാൽ കടലിനടിയലൂടെയുള്ള 2000 കിലോമീറ്റർ ട്രെയിൻ യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നു എന്നത് സംബന്ധിച്ച് തുടർതീരുമാനങ്ങളോ വിശ്വാസയോഗ്യമായ റിപ്പോർട്ടുകളോ പിന്നീട് വന്നിട്ടില്ല.
Rumors of a UAE-India undersea rail link have resurfaced. Originally discussed in 2018, no official confirmation exists. Get the latest updates here.