ഇലക്ട്രിക് വാഹന ബാറ്ററികളും മൊബൈൽ ഫോണുകളും നിർമിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ് കേന്ദ്രം. യുഎസ് താരിഫുകളുടെ ആഘാതത്തെ നേരിടാൻ പ്രാദേശിക ഉൽപാദകരെ സഹായിക്കുന്നതിനും വിശാലമായ താരിഫ് ഇളവുകൾ നൽകുന്നതിനായുമാണ് നടപടി.

അസംസ്കൃത വസ്തുക്കളുടെ തീരുവ കുറച്ചുകൊണ്ട് ആഭ്യന്തര ഉൽപാദനവും കയറ്റുമതി മത്സരശേഷിയും വർദ്ധിപ്പിക്കുകയുമാണ് ഇതിലൂടെ ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് പാർലമെന്റിൽ ധനകാര്യ ബിൽ 2025 പാസാക്കുന്നതിനുള്ള വോട്ടെടുപ്പിന് മുമ്പായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഇവി ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 35 ഇനങ്ങളെയും മൊബൈൽ ഫോൺ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന 28 ഇനങ്ങളെയും ഇറക്കുമതി തീരുവയിൽ നിന്ന് കേന്ദ്രം ഒഴിവാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകളുടെ ആഘാതം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പിന്റെ ഭാഗമാണ് നടപടി. നിലവിൽ താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉഭയകക്ഷി വ്യാപാര ഉടമ്പടിയിൽ എത്തുന്നതിനുമായി ഇരു രാജ്യങ്ങളും ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുന്ന വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തിൽ 23 ബില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് ഇറക്കുമതിയുടെ പകുതിയിലധികത്തിന്റെയും തീരുവ കുറയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് സർക്കാർ സ്രോതസ്സുകളെ ഉദ്ധരിച്ച് നേരത്തെ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച പ്രാദേശിക നിർമ്മാതാക്കളെ പിന്തുണയ്ക്കുന്നതിനായി അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയുടെ താരിഫ് കുറയ്ക്കാൻ ഇന്ത്യൻ പാർലമെന്ററി കമ്മിറ്റി സർക്കാർ ശുപാർശ ചെയ്തിരുന്നു.
India removes import duties on raw materials for EV batteries & mobile phones to boost local manufacturing and enhance export competitiveness.