മുൻ കേന്ദ്രമന്ത്രിയും ടെക്‌നോക്രാറ്റുമായ രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലെ പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുകയാണ് ഭാരതീയ ജനതാ പാർട്ടി. കഴിഞ്ഞ വർഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ശശി തരൂരിനെതിരെ മികച്ച പോരാട്ടം നടത്തിയ ചന്ദ്രശേഖർ കേരളത്തെ പരിവർത്തനം ചെയ്യുക എന്നതാണ് തന്റെ ദൗത്യമെന്ന് പ്രഖ്യാപിച്ചാണ് ബിജെപി അധ്യക്ഷനായി അധികാരമേറ്റിരിക്കുന്നത്.

ആരാണ് രാജീവ് ചന്ദ്രശേഖർ?
ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു രാജീവിന്റെ ജനനം. അദ്ദേഹത്തിന്റെ കുടുംബ വേരുകൾ തൃശൂരിലാണ്. 1991ൽ രാജീവ് ഭാര്യാപിതാവ് ടിപിജി നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള ബിപിഎൽ ഗ്രൂപ്പിൽ ചേർന്നു. പിന്നീട് ബിപിഎൽ മൊബൈൽ സ്ഥാപിച്ച് രാജ്യത്ത് ടെലികോം വിപ്ലവം സൃഷ്ടിച്ചു. 2015ൽ ചന്ദ്രശേഖർ ജൂപ്പിറ്റർ കാപിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം സ്ഥാപിച്ചു. പിന്നീട് മാധ്യമ വ്യവസായ രംഗത്തേക്കും അദ്ദേഹം തന്റെ പ്രവർത്തനം വ്യാപിപ്പിച്ചു.
രണ്ട് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ചന്ദ്രശേഖർ മൂന്ന് തവണ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായി. ഇതിനു പുറമേ അദ്ദേഹം ബിജെപി ദേശീയ വക്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, ഐടി, സ്കിൽ ഡെവലപ്മെന്റ്, സംരംഭകത്വം, ജലശക്തി എന്നീ വകുപ്പുകൾ അദ്ദേഹം കേന്ദ്ര സഹമന്ത്രിയെന്ന നിലയിൽ കൈകാര്യം ചെയ്തു.

ചന്ദ്രശേഖറിന്റെ ആകെ ആസ്തി
2024 ഏപ്രിലിൽ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം രാജീവ് ചന്ദ്രശേഖറിന്റെ ജംഗമ ആസ്തികളുടെ ആകെ മൂല്യം 9,25,55,404 രൂപയും സ്ഥാവര ആസ്തികൾ 14,40,00,000 രൂപയുമാണ്. കണക്കുകൾ അനുസരിച്ച് 2018നും 2024നും ഇടയിൽ അദ്ദേഹത്തിന്റെ ജംഗമ ആസ്തികളുടെ മൂല്യം 66 ശതമാനം കുറഞ്ഞു; 27.98 കോടി രൂപയിൽ നിന്ന് 9.25 കോടി രൂപയായാണ് കുറഞ്ഞത്.

കൈയിലുള്ള പണം, ബാങ്കുകളിലെ നിക്ഷേപ വിവരങ്ങൾ, ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ, സഹകരണ സംഘങ്ങൾ, ബോണ്ടുകൾ, കടപ്പത്രങ്ങൾ, ഓഹരികൾ, കമ്പനികളിലെ യൂണിറ്റുകൾ/മ്യൂച്വൽ ഫണ്ടുകൾ, മറ്റ് സാമ്പത്തിക ഉപകരണങ്ങൾ എന്നിവയിലെ നിക്ഷേപങ്ങളാണ് രാജീവിന്റെ ജംഗമ ആസ്തികളിൽ ഉൾപ്പെടുന്നത്. ആദായനികുതി റിട്ടേണുകളുടെ വിശദാംശങ്ങൾ അനുസരിച്ച് ഏഴ് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ വരുമാനം 28 കോടിയിൽ നിന്ന് 5.5 ലക്ഷമായി കുറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ വരുമാനം 21.44 ലക്ഷത്തിൽ നിന്ന് 1.32 കോടി രൂപയായി വർദ്ധിച്ചു.
Rajeev Chandrasekhar takes charge as BJP’s Kerala state president, emphasizing transformative change. His election affidavit reveals a sharp decline in movable assets and income over the years.