നമ്മളെല്ലാം സ്ഥിരമായി സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നവരാണ്. പക്ഷേ അവയ്ക്ക് ശക്തി നൽകുന്ന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ (OS) കുറിച്ച് അധികമാരും ആലോചിക്കാറില്ല. ലോകത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മൊബൈൽ ഒഎസ് ആയ ആൻഡ്രോയ്ഡിന്റെ സ്രഷ്ടാവ് ആൻഡി റൂബിൻ എന്ന അമേരിക്കൻ പ്രോഗ്രാമറാണ്. സ്മാർട്ട്ഫോൺ വ്യവസായത്തെ മാറ്റിമറിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം സൃഷ്ടിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ തുടർന്ന് റൂബിൻ “ആൻഡ്രോയിഡിന്റെ പിതാവ്” എന്നറിയപ്പെടുന്നു.

സംരംഭകനും, നിക്ഷേപകനുമായ റൂബിൻ സ്മാർട്ട്ഫോൺ വ്യവസായത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ സാങ്കേതിക കമ്പനികളുമായി ചേർന്ന് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ചാപ്പാക്വയിൽ ജനിച്ച റൂബിൻ ഹൊറേസ് ഗ്രീലി ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1986ൽ യൂട്ടിക്ക കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദം നേടിയ അദ്ദേഹം അതേ വർഷം തന്നെ കാൾ സീസ് എജിയിൽ റോബോട്ടിക്സ് എഞ്ചിനീയറായി കരിയർ ആരംഭിച്ചു. തുടർന്ന് 1989 മുതൽ 1992 വരെ ആപ്പിളിൽ നിർമ്മാണ എഞ്ചിനീയറായി റൂബിൻ ജോലി ചെയ്തു. റോബോട്ടുകളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അദ്ദേഹത്തിന് “ആൻഡ്രോയിഡ്” എന്ന വിളിപ്പേര് നൽകി. അത് പിന്നീട് അദ്ദേഹത്തിന്റെ പ്രശസ്ത മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേരാക്കി മാറ്റി.

1999ൽ റൂബിൻ ഡേഞ്ചർ ഇൻകോർപ്പറേറ്റഡ് എന്ന പേരിൽ കമ്പനി സഹസ്ഥാപിച്ചു. ആദ്യകാല സ്മാർട്ട്ഫോണായ ടി-മൊബൈൽ സൈഡ്കിക്ക് സൃഷ്ടിച്ചത് ഈ കമ്പനിയാണ്. 2003ലാണ് അദ്ദേഹം നൂതന മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആൻഡ്രോയിഡ് ഇൻകോർപ്പറേറ്റഡ് എന്ന കമ്പനി സ്ഥാപിച്ചത്. 2005ൽ ഗൂഗിൾ ആൻഡ്രോയിഡ് ഇൻകോർപ്പറേറ്റഡ് ഏറ്റെടുത്തു. പിന്നീടും റൂബിൻ ഗൂഗിളിന് കീഴിൽ ആൻഡ്രോയിഡ് വികസിപ്പിക്കുന്നത് തുടർന്നു.
ഗൂഗിളിന്റെ സീനിയർ വൈസ് പ്രസിഡന്റ് എന്ന നിലയിൽ, ലോകത്തിലെ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമായി മാറിയ ആൻഡ്രോയിഡിന്റെ വികസനത്തിന് റൂബിൻ നേതൃത്വം നൽകി. എന്നാൽ 2014ൽ അദ്ദേഹം ഗൂഗിൾ വിട്ടു. പിന്നീട് അദ്ദേഹം പ്ലേഗ്രൗണ്ട് ഗ്ലോബൽ, എസൻഷ്യൽ പ്രോഡക്ട്സ് എന്ന സ്മാർട്ട്ഫോൺ കമ്പനി തുടങ്ങിയവ സ്ഥാപിച്ചു
