പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണ്. എന്നാൽ ചെറുപ്രായത്തിൽ തന്നെ വലിയ കാര്യങ്ങൾ ചെയ്ത് വാർത്തകളിൽ ഇടംപിടിച്ച നിരവധി പേരുണ്ട്. അക്കൂട്ടത്തിൽ പ്രമുഖനാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള ആക്രിത് പ്രാൺ ജസ്വാൾ. ഏഴാം വയസ്സിൽ ശസ്ത്രക്രിയ നടത്തി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ആക്രിത് ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സർജൻ’ എന്നാണ് വിശേഷിപ്പിക്കടുന്നത്. നിലവിൽ 32 വയസ്സുള്ള ആക്രിത് ക്യാൻസർ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ്.

‘മെഡിക്കൽ ജീനിയസ്’ എന്ന വിശേഷണമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ആക്രിതിന് നൽകുന്നത്. 1993 ഏപ്രിൽ 23ന് ജനിച്ച ആക്രിത് ചെറുപ്രായത്തിൽ തന്നെ അസാധാരണ നേട്ടങ്ങൾ കാഴ്ചവെച്ചു. 10 മാസം പ്രായമുള്ളപ്പോൾ തന്നെ നന്നായി നടക്കാനും സംസാരിക്കാനും ആരംഭിച്ച ആക്രിത് രണ്ട് വയസ്സായപ്പോഴേക്കും എഴുത്തും വായനയും തുടങ്ങി. പിന്നീട് 2000ത്തിൽ, ഏഴാം വയസ്സിൽ സ്വന്തമായി ശസ്ത്രക്രിയ ചെയ്താണ് ആക്രിത് ലോകത്തെ അമ്പരപ്പിച്ചത്. ഹിമാചൽ പ്രദേശിലെ നൂർപൂർ സ്വദേശിയായ ആക്രിത് പ്രാൺ ജസ്വാൾ, പൊള്ളലേറ്റ എട്ടു വയസ്സുകാരൻറെ കൈകളിലാണ് ശസ്ത്രക്രിയ നടത്തിയത്.
12ആം വയസ്സിൽ, രാജ്യത്തെ “ഏറ്റവും പ്രായം കുറഞ്ഞ യൂനിവേഴ്സിറ്റി വിദ്യാർത്ഥി” ആയാണ് ആക്രിത് പിന്നീട് വാർത്തകളിൽ ഇടം നേടിയത്. 13ആം വയസ്സിൽ, തൻറെ പ്രായപരിധിയിലെ ഏറ്റവും ഉയർന്ന IQ കളിൽ ഒന്നും (146) ആക്രിത് സ്വന്തമാക്കി. ഇതിഹാസതാരം ഓപ്ര വിൻഫ്രി അവതാരകയായ ടോക്ക് ഷോയിൽ പങ്കെടുത്ത ആക്രിത് ജസ്വാൾ അതോടെ അന്താരാഷ്ട്ര പ്രശസ്തി നേടി. കാൺപൂർ ഐഐടിയിൽ നിന്ന് ബയോ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയ അദ്ദേഹം 17ആം വയസ്സിൽ അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടി. ഇപ്പോൾ വൈദ്യശാസ്ത്ര രംഗത്തെ നൂതന ഗവേഷണങ്ങളുമായി ആക്രിത് ചെറുപ്രായത്തിലെ വലിയ കർത്തവ്യങ്ങൾ തുടരുകയാണ്.
