എഐ സാങ്കേതിക വിദ്യയും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിനുള്ള കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള സുപ്രധാന ദൗത്യത്തിലാണ് കേന്ദ്ര ഗവൺമെന്റ്. എഐ ഇന്ത്യ പദ്ധതികൾ പോലുള്ളവ ഇതിനായി നിലവിലുണ്ടെങ്കിലും നിർമിത ബുദ്ധി രംഗത്ത് ചൈനയ്ക്കൊപ്പം എത്താൻ ഇന്ത്യയ്ക്ക് ആവില്ല എന്ന തരത്തിലാണ് നിരവധി മാധ്യമ പ്രചാരണങ്ങൾ. ചൈനയുടെ ഡീപ്സീക്ക് ഇന്ത്യൻ ഗവൺമെന്റിനെയും ടെക് ഇൻഡസ്ട്രിയേയും പിന്നിലാക്കും എന്ന തരത്തിലാണ് പ്രചാരണം. ഇതോടൊപ്പം കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ സ്റ്റാർട്ടപ്പുകളുടെ നല്ലമാറ്റത്തിനും നവീകരണത്തിനുമുള്ള ആഹ്വാനത്തേയും നിരവധി മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. അതിനെത്തുടർന്നുണ്ടായ വിവാദം ഈ തെറ്റായ വ്യാഖ്യാനത്തിന്റെ ഫലമാണ്.

ചൈനയുടെ ഡീപ്സീക്കിനെയും എഐ പുരോഗതിയെയും ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കിടയിലും, ആഗോള നിർമിത ബുദ്ധി രംഗത്ത് ഇന്ത്യയ്ക്ക് അനുകൂലമായ നിരവധി ഘടകങ്ങളുണ്ട്. ശക്തമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിന് വിശാലവും വൈവിധ്യപൂർണ്ണവുമായ ഡാറ്റാസെറ്റുകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്കാകും എന്നതാണ് ഇതിൽ പ്രധാനം. എഐയെ വരുതിയിലാക്കാൻ എല്ലാ അർത്ഥത്തിലും ഇന്ത്യ സജ്ജമാണ്. കഴിഞ്ഞ 15 വർഷക്കാലത്തോളമായി രാജ്യത്ത് സംഭവിച്ച ഡിജിറ്റൽ പരിവർത്തനം ഈ മാറ്റത്തിന് സഹായകരമാകും.
ഉയർന്ന താരിഫ് നിരക്ക് കാരണം ചൈന വിദേശ നിക്ഷേപകർക്ക് ഏറെക്കുറേ അപ്രാപ്യമായി കൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു പ്രധാന വസ്തുത. ഇതിൽ നിന്നും ഇന്ത്യയുടെ ടെക്, എഐ മേഖലയ്ക്ക് നേട്ടം കൊയ്യാനാകുമെന്ന് നിർമിത ബുദ്ധി, ടെക് രംഗത്തെെ വിദഗ്ധർ വിലയിരുത്തുന്നു. ജനുവരിയിൽ ആഗോള സോഫ്റ്റ് വെയർ ഭീമൻമാരായ മൈക്രോസോഫ്റ്റ് ഇന്ത്യയിൽ മൂന്ന് ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതും ആമസോൺ ഇന്ത്യയിലെ എഐ വികസനത്തിന് 120 മില്യൺ ഡോളറിന്റെ പദ്ധതി കൊണ്ടുവരുന്നതുമെല്ലാം ഈ രംഗത്തെ ഇന്ത്യയുടെ വളർച്ചാ ശേഷി തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ്.
2024ൽ ഇന്ത്യയുടെ എഐ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ഫണ്ടിംഗിൽ ശ്രദ്ധേയമായ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏകദേശം 780.5 മില്യൺ ഡോളറാണ് ഈ രംഗത്തെ ഫണ്ടിങ്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിക്കുന്നതിന്റെ സൂചനയാണ്. സോഫ്റ്റ്വെയർ സേവനങ്ങളിലെ ഇന്ത്യയുടെ കഴിവ്, കൃഷി-ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലുടനീളമുള്ള പ്രായോഗിക ആപ്ലിക്കേഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം (300ലധികം) തുടങ്ങിയ സവിശേഷതകളും നമുക്കുണ്ട്.

2027 ആകുമ്പോഴേക്കും ഒരു ദശലക്ഷത്തിലധികം വൈദഗ്ധ്യമുള്ള എഐ പ്രൊഫഷണലുകളുടെ കുറവ് ഇന്ത്യ നേരിടും എന്ന അനുകൂലമല്ലാത്ത കണക്കുകളുമുണ്ട്. എന്നാൽ ആഗോളതലത്തിൽ STEM ബിരുദധാരികളുടെ ഏറ്റവും വലിയ കൂട്ടങ്ങളിലൊന്നായതിനാൽ ഇന്ത്യയ്ക്ക് പ്രധാന നേട്ടമുണ്ട്. നിലവിലുള്ള പ്രതിഭകളെ മെച്ചപ്പെടുത്തുക, ഓപ്പൺ സോഴ്സ് എഐ വികസനം വളർത്തുക, അതുല്യമായ ഡാറ്റ-മേഖലാ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുക എന്നിവയിലൂടെ ചൈനയുടെ പുരോഗതിയെ വെല്ലുന്ന എഐ വിപ്ലവം തന്നെ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.
അതുകൊണ്ടുതന്നെ ചൈന ഡീപ്സീക്കുമായി വരുന്നതിനെ ഇന്ത്യ ഭയപ്പെടേണ്ടതില്ല. എഐ രംഗത്തെ സംബന്ധിച്ച് ഏറ്റവും നിർണായകമായ കാര്യം നിർമിത ബുദ്ധി എങ്ങനെ അപ്ലൈ ചെയ്യുന്നു എന്നതും കൈകാര്യം ചെയ്യുന്ന ഡാറ്റ എത്രത്തോളം മികച്ചതാണ് എന്നതുമാണ്. അതുകൊണ്ട് ചൈനയോ മറ്റാരെങ്കിലുമോ ഒരു മോഡൽ ഉണ്ടാക്കി എന്നത് ഇന്ത്യയുടെ ഉറക്കം കെടുത്തേണ്ട കാര്യമില്ല. എല്ലാ അറിവും ഇവിടെയുണ്ട്, ഡാറ്റയാണ് മാറ്റം കൊണ്ടുവരിക, നമ്മൾ അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയാകും.
Discover why India’s AI development path stands strong amidst China’s DeepSeek advancements, leveraging superior data diversity and practical applications.