പ്രാരംഭ പബ്ലിക് ഓഫറിംഗിലൂടെ ₹1,900 കോടി സമാഹരിക്കാൻ ഹോം, ബ്യൂട്ടി സർവീസുകൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ അർബൻ കമ്പനി (Urban Company). ഗുരുഗ്രാം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇതിനായി സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (DRHP) ഔദ്യോഗികമായി സമർപ്പിച്ചു.
2014ലാണ് രാഘവ് ചന്ദ്ര, അഭിരാജ് ഭാൽ, വരുൺ ഖൈതാൻ എന്നിവർ ചേർന്ന് അർബൻ ക്ലാപ്പ് എന്ന പ്ലാറ്റ്ഫോം ആരംഭിച്ചത്. 2020 ജനുവരിയിൽ, അർബൻ ക്ലാപ്പ് അർബൻ കമ്പനി എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. വൈവിധ്യമാർന്ന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സമഗ്ര പ്ലാറ്റ്ഫോമായി മാറാനും അന്താരാഷ്ട്ര വിപണികളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു റീബ്രാൻഡിങ്. റീബ്രാൻഡിനെത്തുടർന്ന് അർബൻ കമ്പനി ഓസ്ട്രേലിയ, സിംഗപ്പൂർ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സേവനങ്ങൾ വ്യാപിപ്പിച്ചു. നിലവിൽ 59 നഗരങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനി കൂടുതൽ വളർച്ച കൈവരിക്കുന്നതിനുള്ള തന്ത്രപരമായ ചുവടുവെയ്പ്പായിട്ടാണ് ഐപിഒയെ കാണുന്നത്.

ടൈഗർ ഗ്ലോബൽ, ബെസ്സെമർ വെഞ്ച്വർ പാർട്ണേഴ്സ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരുടെ പിന്തുണയോടെയാണ് അർബൻ കമ്പനിയുടെ ഐപിഒ നടക്കുന്നത്. കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാച്ച്സ്, ജെഎം ഫിനാൻഷ്യൽ എന്നിവരാണ് ഇഷ്യു കൈകാര്യം ചെയ്യുന്നത്. മൊത്തം ഇഷ്യുവിൽ ₹429 കോടി ഫ്രഷ് ഷെയർ ഇഷ്യൂവിലൂടെ സമാഹരിക്കും. ബാക്കി ₹1,471 കോടി നിലവിലുള്ള നിക്ഷേപകരുടെ ഓഫർ-ഫോർ-സെയിൽ (OFS) വഴിയാണ് സമാഹരിക്കുക. കമ്പനിയിൽ യഥാക്രമം 10.5%, 10.8% നിക്ഷേപമുള്ള ആക്സൽ ഇന്ത്യ, എലിവേഷൻ ക്യാപിറ്റൽ എന്നിവ ചേർന്ന് ₹779 കോടി മൂല്യമുള്ള ഓഹരികൾ വിറ്റഴിക്കും.