പ്രതിദിന ഓർഡറുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം നടത്തി ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ. മണികൺട്രോൾ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൂന്ന് മുൻനിര ക്വിക്ക് കൊമേഴ്‌സ് സ്ഥാപനങ്ങളായ ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവ മാർച്ച് മാസത്തിൽ മാത്രം പ്രതിദിനം 41.5-44.5 ലക്ഷം ഓർഡറുകളാണ് വിതരണം ചെയ്തത്.
മാർച്ച് മാസത്തിൽ സെപ്‌റ്റോയെയും സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിനെയും മറികടന്ന് ഓർഡർ വോളിയത്തിന്റെ കാര്യത്തിൽ ബ്ലിങ്കിറ്റ് മാർക്കറ്റ് ലീഡറായി. മാർച്ചിൽ ബ്ലിങ്കിറ്റ് പ്രതിദിനം ഏകദേശം 16.5-17.5 ലക്ഷം ഓർഡറുകൾ പൂർത്തിയാക്കി. അതേ സമയം സെപ്‌റ്റോ പ്രതിദിനം നടത്തിയത് 14.5-15.5 ലക്ഷം ഓർഡറുകളും സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് 10.5-11.5 ലക്ഷം ഓർഡറുകളുമാണ്.

മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഓർഡറുകളുടെ മൊത്ത വാർഷികാടിസ്ഥാനവും (YoY) ഇരട്ടിയിലധികമായി. 2024 മാർച്ചിൽ ഏകദേശം 19.5-22.5 ലക്ഷം പ്രതിദിന ഓർഡറുകളിൽ നിന്നാണ് 2025 മാർച്ചിൽ 41.5-44.5 ലക്ഷം പ്രതിദിന ഓർഡറുകളിലേക്കുള്ള വളർച്ച. മുൻനിരയിലുള്ള ഈ മൂന്ന് സ്ഥാപനങ്ങൾ മാത്രം ഓർഡർ നിരക്കിൽ 105 ശതമാനത്തിലധികം വളർച്ചയാണ് കൈവരിച്ചത്.
മണികൺട്രോളിന്റെ കണക്കുകൾ 6.5 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇന്ത്യയിലെ ക്വിക്ക് കൊമേഴ്‌സ് വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയെ അടിവരയിടുന്നതാണ്.