ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സംരംഭമായ സ്റ്റാർലിങ്കിന് സാറ്റ്കോം ലൈസൻസിനായി ലെറ്റർ ഓഫ് ഇന്റന്റ് (LOI) നൽകി ടെലികോം വകുപ്പ്. ഉപഗ്രഹങ്ങൾ വഴി അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിയുടെ ആദ്യ പടിയായാണ് എൽഒഐ നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌ക് 2002ൽ സ്ഥാപിച്ച ബഹിരാകാശ കമ്പനി സ്പേസ് എക്സിന്റെ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്.
സ്റ്റാർലിങ്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിഓട്ടിയിൽ നിന്ന് ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസിനായി കാത്തിരിക്കുകയായിരുന്നു. കമ്പനിക്ക് ജിഎംപിസിഎസ് ലൈസൻസ് നൽകുന്നതിനുള്ള എൽഒഐ ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഡാറ്റ ലോക്കലൈസേഷൻ, ഇന്റർസെപ്ഷൻ, രാജ്യത്ത് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കുക തുടങ്ങിയ ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കമ്പനി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൽഒഐ നൽകിയത്.

കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി മസ്‌ക്, സ്‌പേസ് എക്‌സ് എക്‌സിക്യൂട്ടീവുകൾ നടത്തിയ സംഭാഷണങ്ങളെ തുടർന്നാണ് ലൈസൻസ് ലഭിച്ചിരിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ ഒഴിവാക്കാൻ യുഎസ്സുമായി ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) സംബന്ധിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നതിനിടെയാണ് സ്റ്റാർലിങ്കിന് ഇന്ത്യയിലെ പ്രവർത്തനാനുമതിയിലേക്കുള്ള എൽഒഐ ലഭിച്ചിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.
സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ലോകമെമ്പാടും അതിവേഗത്തിൽ ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് സേവനങ്ങൾ നൽകാൻ സ്റ്റാർലിങ്കിന് സാധിക്കും. ജിയോസ്റ്റേഷനറി ഉപഗ്രഹങ്ങളെ ആശ്രയിക്കുന്ന സാധാരണ ഉപഗ്രഹ സേവനങ്ങളിൽ നിന്ന് വ്യത്യസ്തമായി, സ്റ്റാർലിങ്ക് ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹ ശൃംഖലയാണ് ഉപയോഗിക്കുന്നത്. ഈ എൽഇഒ ഉപഗ്രഹങ്ങളുടെ കൂട്ടായ്മയും നൂതന സാങ്കേതികവിദ്യയും സ്ട്രീമിംഗ്, ഓൺലൈൻ ഗെയിമിംഗ്, വീഡിയോ കോളുകൾ തുടങ്ങിയവയെ പിന്തുണയ്ക്കാൻ കഴിയുന്ന അതിവേഗ ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് നൽകും. ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനങ്ങൾ വരുന്നതോടെ വിദൂര പ്രദേശങ്ങളിലെ ഇൻ്റർനെറ്റ് ലഭ്യത മെച്ചപ്പെടുത്താനും ഡിജിറ്റൽ കണക്റ്റിവിറ്റി വർധിപ്പിക്കാനും സാധിക്കും.
Elon Musk’s Starlink has received a Letter of Intent (LOI) for a satcom license in India, marking a major step toward satellite internet services in the country.