ബഹിരാകാശ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായി 52 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ വിന്യസിക്കാൻ ഇന്ത്യ. സ്വകാര്യ മേഖലയുടെയും സംരംഭങ്ങളുടെയും പങ്കാളിത്തത്തോടെയുള്ള പദ്ധതി അടുത്ത അഞ്ച് വർഷത്തിനുള്ളിലാണ് നടപ്പാക്കുക. രാജ്യത്തിന്റെ പ്രതിരോധ മേഖലയുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. അതിർത്തികൾ നിരീക്ഷിക്കാനും ശത്രുവിന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും സൈനിക പ്രവർത്തനങ്ങളിലെ തത്സമയ ഏകോപനം മെച്ചപ്പെടുത്താനും ചാര ഉപഗ്രഹങ്ങൾ സഹായിക്കുമെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) ചെയർമാൻ പവൻ കുമാർ ഗോയങ്ക പറഞ്ഞു. 2025 ആഗോള ബഹിരാകാശ പര്യവേഷണ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സൈന്യത്തെയും നാവികസേനയെയും വ്യോമസേനയെയും ഉപഗ്രഹങ്ങൾ ഒരുപോലെ സഹായിക്കും. ഇതുവരെ ചാര ഉപഗ്രഹങ്ങൾ പ്രധാനമായും ഐഎസ്ആർഒ ആണ് നിർമിച്ചിരുന്നത്. ഇനിമുതൽ സ്വകാര്യ മേഖലയെയും ഇതിനായി ഒപ്പം കൂട്ടും. 52 ഉപഗ്രഹങ്ങളിൽ പകുതിയോളം സ്വകാര്യ മേഖലയായിരിക്കും നിർമിക്കുക. ബാക്കിയുള്ളവ ഐഎസ്ആർഒ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചെറുകിട ഉപഗ്രഹ വിക്ഷേപണ വാഹന (SSLV) സാങ്കേതികവിദ്യയും ഐഎസ്ആർഒ സ്വകാര്യ മേഖലയ്ക്ക് കൈമാറി വരികയാണ്. അടിയന്തര ഘട്ടങ്ങളിൽ പ്രതിരോധ സേനയ്ക്ക് ആവശ്യമായ ചെറിയ ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളിൽ വിക്ഷേപിക്കുന്നതിനായാണ് എസ്എസ്എൽവി വികസിപ്പിച്ചത്. 10-500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാൻ ഇവയ്ക്ക് കഴിയും. കുറഞ്ഞ ചിലവ്, കുറഞ്ഞ ടേൺഏറൗണ്ട് ടൈം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള കഴിവ്, ആവശ്യാനുസരണം വിക്ഷേപിക്കാനുള്ള സാധ്യത, കുറഞ്ഞ വിക്ഷേപണ അടിസ്ഥാന സൗകര്യ ആവശ്യകതകൾ എന്നിവയാണ് എസ്എസ്എൽവിയുടെ ഡിസൈൻ ഡ്രൈവറുകൾ-അദ്ദേഹം പറഞ്ഞു.
India plans to launch 52 surveillance satellites over the next five years, with strong private sector involvement, to enhance military and border monitoring.