പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂറിലൂടെ’ തിരിച്ചടി നൽകിയപ്പോൾ അതിൽ പ്രധാന പങ്ക് വഹിച്ച് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി നിർമിച്ച ഡ്രോണുകളും. അദാനി ഗ്രൂപ്പിന്റെ ബെംഗളൂരു ആസ്ഥാനമായുള്ള ആൽഫ ഡിസൈൻ ടെക്നോളജീസുമായി സഹകരിച്ച് വികസിപ്പിച്ച സ്കൈസ്ട്രൈക്കർ കാമികാസെ സൂയിസൈഡ് ഡ്രോണുകളാണ് ഇന്ത്യയുടെ പാക് ഭീകരാക്രമണ കേന്ദ്ര ആക്രമണത്തിൽ നിർണായകമായത്. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതിലാണ് ഈ ചാവേർ ഡ്രോണുകൾ നിർണായക പങ്ക് വഹിച്ചത്.
ഇന്ത്യൻ സൈന്യത്തിന്റെ സ്കാൾപ്പ് ക്രൂയിസ് മിസൈലുകൾ, ഹാമർ ബോംബുകൾ തുടങ്ങിയ ശക്തമായ ആയുധങ്ങൾക്കൊപ്പമാണ് കൃത്യമായ ആക്രമണങ്ങൾക്കായി സൂയിസൈഡ് ഡ്രോൺ സ്കൈസ്ട്രൈക്കറും വിന്യസിച്ചത്. ആളില്ലാ വിമാന സംവിധാനം പോലെ പറക്കുന്ന സ്കൈസ്ട്രൈക്കർ മിസൈൽ പോലെ പ്രഹരശേഷിയും ഉള്ളവയാണ്. ലൂട്ടറിംഗ് യുദ്ധോപകരണമായി കണക്കാക്കപ്പെടുന്ന ഈ ഡ്രോണുകൾ ലക്ഷ്യം കണ്ടെത്തുന്നതിനും ആക്രമിക്കുന്നതിനും ഒരുപോലെ ഉപയോഗിക്കുന്നു. ദീർഘദൂര ലക്ഷ്യങ്ങളെ കൃത്യമായി തിരിച്ചറിയാനും നശിപ്പിക്കാനും ഇവയ്ക്കാകും. അഞ്ച് മുതൽ 10 കിലോഗ്രാം വരെ ഭാരമുള്ള വാർഹെഡ് വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഇവ. വലുപ്പത്തിൽ ചെറുതായ ഈ ഡ്രോൺ നിശബ്ദമായി പ്രവർത്തിക്കുന്ന തരത്തിലുള്ളതാണ്.

ഇസ്രായേൽ കമ്പനി എൽബിറ്റ് സിസ്റ്റംസുമായി സഹകരിച്ചാണ് ആൽഫ ഡിസൈൻ ടെക്നോളജീസ് ഡ്രോൺ വികസിപ്പിച്ചത്. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡിന് 26 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ആൽഫ ഡിസൈൻ ടെക്നോളജീസ്.
Learn about India’s strategic deployment of SkyStriker drones in Operation Sindoor for precision strikes against terrorist targets in Pakistan and PoK.