ഗതാഗതത്തിന്റെ ഭാവിയിലേക്ക് ചുവടുവെച്ച് അബുദാബി. ചൈനീസ് ഓട്ടോണോമസ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ വീറൈഡ് (WeRide) യുഎഇ തലസ്ഥാനത്ത് പൂർണമായും ഡ്രൈവർലെസ് ആയ റോബോടാക്സികളുടെ ട്രയൽ റൺ ആരംഭിച്ചു. സുരക്ഷാ ഡ്രൈവർ ഇല്ലാതെ പൊതു റോഡുകളിൽ വീറൈഡിന്റെ റോബോടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തും. റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് ക്രമേണ കൊമേഴ്സ്യൽ ഡ്രൈവർലെസ് റൈഡുകളും അധിക സേവന മേഖലകളും അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി അൽ മർയ ഐലൻഡ്, അൽ റീം ഐലൻഡ് എന്നിവിടങ്ങളിലേക്ക് വീറൈഡ് റോബോടാക്സി സേവനം വ്യാപിപ്പിക്കും. 2021 മുതൽ യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, സായിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റൂട്ടുകൾ എന്നിവയ്ക്ക് സേവനം നൽകുന്ന വീറൈഡിന്റെ നിലവിലുള്ള റോബോടാക്സി ശൃംഖലയിലാണ് ഈ പുതിയ സോണുകൾ നിർമ്മിക്കുന്നത്.

അത്യാധുനിക സെൻസറുകൾ, കൃത്രിമ ബുദ്ധി, മാപ്പിംഗ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് റോഡുകളിൽ സഞ്ചരിക്കുന്നതിനും മനുഷ്യന്റെ ഇടപെടലില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിനും ഒരുക്കിയ സംവിധാനമാണ് വീറൈഡിന്റെ റോബോടാക്സി. യുഎസ്, ചൈന, യുഎഇ എന്നിവ അടക്കമുള്ള രാജ്യങ്ങൾ ഡ്രൈവർലെസ് വാഹന പരീക്ഷണത്തിൽ മുൻപന്തിയിലാണ്.
2023ലാണ് സ്വയം ഓടിക്കുന്ന വാഹനങ്ങൾക്കായുള്ള യുഎഇയിലെ ആദ്യ ദേശീയ ലൈസൻസ് വീറൈഡിന് ലഭിച്ചത്. ഇതോടെ രാജ്യവ്യാപകമായി പൊതു റോഡുകളിൽ തങ്ങളുടെ ഓട്ടോണമസ് കാറുകളുടെ പരീക്ഷണത്തിനും പ്രവർത്തനത്തിനും കമ്പനിക്ക് അംഗീകാരം ലഭിച്ചു. റോബോടാക്സി ഉപയോഗിച്ച് റൈഡ്-ഹെയ്‌ലിംഗ് സേവനം ആരംഭിക്കുന്നതിനായി 2024 ഡിസംബറിൽ അബുദാബിയിൽ ഊബറുമായി വീറൈഡ് പങ്കാളിത്തം സ്ഥാപിച്ചിരുന്നു.
Abu Dhabi expands its driverless taxi program with WeRide launching robotaxi trials on public roads, aiming for commercial driverless rides in the future.