കൊച്ചി വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ പദ്ധതിയായ സിയാൽ 2.0വിന് തുടക്കമായി. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, ശക്തമായ സൈബർ സുരക്ഷ എന്നിവയിലൂടെ യാത്രക്കാരുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് സിയാൽ 2.0 നവീകരണ പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

സൈബർ മേഖലയിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് പുതിയ പദ്ധതികൾ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിയാൽ 2.0 എന്ന നൂതന സാങ്കേതിക വിദ്യയിലൂടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഭാവിയിലേക്ക് കടന്നുവരുന്നു – എല്ലാ പ്രവർത്തനങ്ങളുടെയും ഹൃദയഭാഗത്ത് ബുദ്ധിശക്തിയെ പ്രതിഷ്ഠിക്കുന്ന ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള ദീർഘവീക്ഷണമുള്ള കുതിച്ചുചാട്ടമാണിതെത് അദ്ദേഹം വ്യക്തമാക്കി.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ മുൻകൂർ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നൂതന സൗകര്യമായ സൈബർ ഡിഫൻസ് ഓപ്പറേഷൻസ് സെന്റർ (CDOC) സ്ഥാപിക്കുകയാണ് സിയാൽ 2.0വിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യൻ വിമാനത്താവളത്തിലെ ആദ്യത്തെ പൂർണ്ണ സജ്ജീകരണ ഓൺ-പ്രിമൈസ് സെർവർ സൗകര്യമായ സിഡിഎസിയുടെ പിന്തുണയോടെ തത്സമയ ഭീഷണി ഇന്റലിജൻസ്, 24×7 പ്രോആക്ടീവ് മോണിറ്ററിംഗ്, ദ്രുത സംഭവ പ്രതികരണ ശേഷികൾ എന്നിവ സാധ്യമാകും. വ്യോമയാന മേഖലയിൽ സൈബർ ഭീഷണികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഹാക്കിംഗ് ശ്രമങ്ങൾ, മാൽവെയർ-റാൻസംവെയർ ആക്രമണങ്ങൾ എന്നിവയുൾപ്പെടെയുള്ള ബാഹ്യ ഭീഷണികൾ കണ്ടെത്തുന്നതിനും, നിർവീര്യമാക്കുന്നതിനും, മുൻകൂട്ടി തടയുന്നതിനും സിഡിഒസി നൂതന സുരക്ഷാ ഉപകരണങ്ങൾ സഹായകരമാകും.
പദ്ധതിയുടെ ഭാഗമായുള്ള ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പർശിച്ചുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും.
Cochin International Airport launches its Rs 200 crore CIAL 2.0 project, implementing an advanced AI-powered threat detection system, India’s first on-premises Cyber Defence Operations Centre, and enhanced passenger services to set new benchmarks in airport security and digital innovation.