യൂണിക്കോൺ പദവിയിലെത്തി ബി2ബി മാർക്കറ്റ്പ്ലേസ്-ന്യൂ റീട്ടെയിൽ സ്ഥാപനമായ ജംബോടെയിൽ (Jumbotail). സ്റ്റാൻഡേർഡ് ചാർട്ടേഡ് പിഎൽസിയുടെ നിക്ഷേപ വിഭാഗമായ എസ്‌സി വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന പുതിയ ഫണ്ടിംഗ് റൗണ്ടിൽ 120 മില്യൺ ഡോളർ (1000 കോടി രൂപയിലധികം) സമാഹരിച്ചതോടെയാണ് ജംബോടെയിലിന്റെ യൂണിക്കോൺ നേട്ടം.
ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8,486 കോടി രൂപ) മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണിക്കോൺ സ്റ്റാർട്ടപ്പുകൾ എന്നു വിളിക്കുന്നത്. ജംബോടെയിൽ അവരുടെ കൃത്യമായ മൂല്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്റ്റാർട്ടപ്പ് യൂണികോൺ പദവി നേടിയതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ റൗണ്ടിന് മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ മൂല്യം ഏകദേശം 900 മില്യൺ ഡോളറിലെത്തിയിരുന്നു.

2015ൽ എസ്. കാർത്തിക് വെങ്കിടേശ്വരൻ, ആശിഷ് ജിന എന്നിവർ ചേർന്നു സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ജംബോടെയിൽ. ഓൺലൈൻ ഹോൾസെയിൽ വിപണി, സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചർ, വർക്കിങ് ക്യാപിറ്റൽ ക്രെഡിറ്റ് പോലുള്ള സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പൂർണ്ണ-സ്റ്റാക്ക് പ്ലാറ്റ്‌ഫോമാണ് ജംബോടെയിൽ വാഗ്ദാനം ചെയ്യുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ബി2ബി ഇ-കൊമേഴ്‌സിലൂടെ ഇന്ത്യയിലെ ചെറുകിട ചില്ലറ വ്യാപാരികളെയും എംഎസ്എംഇകളെയും ശാക്തീകരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ജംബോടെയിൽ പ്രതിനിധി പറഞ്ഞു.
Bengaluru’s B2B marketplace Jumbotail has raised $120 million led by SC Ventures, reportedly reaching unicorn status after acquiring rival Solv to empower India’s small retailers.