അനിൽ അംബാനിയുടെ കമ്പനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ (RCom) ലോൺ അക്കൗണ്ടുകൾ ‘Fraudulent’ വിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI). കമ്പനി മുൻ ഡയറക്ടറായ അനിൽ അംബാനിയെക്കുറിച്ച്, റെഗുലേറ്ററി നിയമങ്ങൾ പ്രകാരം എസ്ബിഐ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ട് നൽകും. ബിസിനസിൽ തിരിച്ചു വരവിന് ഒരുങ്ങുന്ന അനിൽ അംബാനിക്ക് എസ്ബിഐയുടെ തീരുമാനം തിരിച്ചടിയാകും എന്നാണ് വിലയിരുത്തൽ.

ഇതുസംബന്ധിച്ച്, ആർസിഎമ്മിന് എസ്ബിഐ കത്ത് എഴുതിയതായും കമ്പനി എക്സ്ചേഞ്ചുകളെ അറിയിച്ചതായും ഹിന്ദു ബിസിനസ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം കാനറ ബാങ്കും ആർകോമിന്റെ അക്കൗണ്ടിനെ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി ഈ തീരുമാനം സ്റ്റേ ചെയ്യുകയായിരുന്നു. 2025 മാർച്ച് മാസത്തിലെ കണക്ക് പ്രകാരം കമ്പനിയുടെ മൊത്തം കടബാധ്യത ₹40,413 കോടിയാണ്.
അടുത്തിടെ അനിലിന്റെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ തുടങ്ങിയ കമ്പനികൾ കടബാധ്യത കുറച്ചിരുന്നു. കമ്പനി നിലവിൽ പാപ്പരത്ത നടപടിക്രമങ്ങളിലൂടെ കടന്നു പോവുകയാണ്. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് 2016 അനുസരിച്ചുള്ള കോർപറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസിലൂടെയാണ് (CIRP) കമ്പനി കടന്നുപോകുന്നത്.
എസ്ബിഐ ഫ്രോഡ് ഐഡന്റിഫിക്കേഷൻ കമ്മിറ്റി കമ്പനി ഷോകോസ് നോട്ടീസിന് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് രേഖപ്പെടുത്തി. റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ലോൺ അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കമ്പനി പാലിച്ചില്ലെന്നും തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ലെന്നും എസ്ബിഐ അറിയിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് ലോൺ അക്കൗണ്ട് ‘Fraud’ വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സിഐആർപി നടക്കുന്ന കാലയളവിൽ കമ്പനിക്കെതിരെ നിയമ നടപടികൾ തുടരാൻ സാധിക്കില്ലെന്ന് റിലയൻസ് കമ്മ്യൂണിക്കേഷൻ പറയുന്നു. റെസല്യൂഷൻ പ്ലാൻ പ്രകാരം മാനേജ്മെന്റിൽ മാറ്റമുണ്ടായി. ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും റിലയൻസ് കമ്മ്യൂണിക്കേഷൻ അറിയിച്ചു.
2016 ഓഗസ്റ്റ് 26ന് എസ്ബിഐ ആർകോം അക്കൗണ്ടിനെ നോൺ പെർഫോർമിങ് അസറ്റായി രേഖപ്പെടുത്തിയിരുന്നു. ആർകോം, ആർഐടിഎൽ, ആർടിഎൽ എന്നിവയ്ക്ക് ബാങ്കുകളിൽ നിന്ന് മൊത്തം ₹31,580 കോടി ലഭിച്ചതായും എസ്ബിഐ രേഖപ്പെടുത്തി.