കേരള സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാണ്ടി അടുത്ത വർഷം ഫെബ്രുവരിയോടെ വിപണിയിൽ എത്തിക്കുമെന്ന് ബിവറേജസ് കോർപറേഷൻ. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റലറീസിലാണ് ബ്രാണ്ടി ഉത്പാദനം.
നിലവിൽ ഒരു റം ബ്രാൻഡ് കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനം ബ്രാണ്ടി നിർമാണത്തിലേക്ക് കടക്കുന്നത്. കേരളത്തിൽ പ്രതിവർഷം 20,000 കോടി രൂപയുടെ മദ്യവ്യാപാരം നടക്കുന്നതായും പുതിയ ഉത്പാദനത്തിലൂടെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനും ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കാനും സാധിക്കുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

മലബാർ ഡിസ്റ്റിലറീസിലെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ (IMFL) നിർമ്മാണ യൂണിറ്റിലാണ് ബ്രാണ്ടി ഉത്പാദനമെന്ന് ബെവ്കോ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഹർഷിത അട്ടല്ലൂരി പറഞ്ഞു. പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള യൂണിറ്റിൽ ത്രീ ലൈൻ ഉൽപാദന ശേഷിയാണ് ഉള്ളത്. പ്രതിദിനം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം-അവർ പറഞ്ഞു.
അതേസമയം, മദ്യവർജനമാണ് ലക്ഷ്യമെന്നു പറയുമ്പോഴും സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വൻ വിമർശനത്തിനും ഇടയാക്കുന്നുണ്ട്.
Kerala’s first state-made brandy to hit the market by February 2026, produced at Malabar Distilleries in Palakkad. Move aims to boost state revenue and ensure quality control.