1980-കളാണ്! വടക്കേ മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു നിർദ്ധന കുടുംബത്തിലെ മൊയ്തു എന്ന യുവാവിന് ഗൾഫിൽ ഒരു ജോലി ഉറപ്പാകുന്നു. അക്കാലത്തെ 10,000 രൂപ വിസയ്ക്ക് കൊടുക്കണം. ജോലി തരമായിരിക്കുന്നത് കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ്. പണം കിട്ടാൻ യാതൊരു നിർവ്വാഹവുമില്ലാത്ത സാഹചര്യം. ബാങ്ക് ലോണൊന്നും അന്ന് ആലോചിക്കാനേ കഴിയില്ലല്ലോ. പക്ഷെ അത് വടകരയിലെ ഒരു ഉൾഗ്രാമമായതിനാൽ അവർക്ക് ആ പതിനായിരം, വിസയ്ക്ക് പണം കെട്ടേണ്ട തീയതിക്ക് മുന്നേ എത്തിക്കാൻ കഴിഞ്ഞു. പലിശയുടെ ഭാരമില്ലാതെ, തിരിച്ചടവിന്റെ സമ്മർദ്ദമില്ലാതെ മൊയ്തു, അഞ്ച് – പത്ത് വർഷം കൊണ്ട് ആ തുകയുടെ ബാധ്യത തീർത്തു. അതുപോലെ തെക്കേ കണ്ടിയിൽ ചന്ദ്രൻ ഒരു ചെറിയ കച്ചവടം തുടങ്ങാനുള്ള 2 ലക്ഷം രൂപയുടെ മൂലധനം കണ്ടെത്തിയതും, വലിയ പറമ്പത്ത് ഇസ്മയിൽ മകളുടെ വിവാഹത്തിനുള്ള 10 ലകഷത്തോളം തുക സ്വരൂപിച്ചതും, കായംപുള്ളി ജാനു വീട് വെച്ചതുമെല്ലാം, പലിശയില്ലാത്ത, തിരിച്ചടവിന്റെ ഭാരമില്ലാത്ത ഒരു ഫണ്ട് ഉപയോഗിച്ചാണ്. ഒരുപക്ഷേ വടക്കേമലബാറിലായതു കൊണ്ട് മാത്രം അവർക്ക് കിട്ടിയ അനുഗ്രഹം! പണം വേണ്ടവർക്ക്, അത് വേണ്ടപ്പോൾ കിട്ടുമെന്ന് ഉറപ്പുള്ള ഒരു പണത്തിന്റെ സ്രോതസ്സ്! 100% സത്യസന്ധവും സുതാര്യവുമായ കാശിന്റെ ഒരു നിധി! പതിറ്റാണ്ടായി തലമുറകൾ അനുഭവിക്കുന്ന സാമ്പത്തിക സുരക്ഷിതത്വം!
എഡിറ്റോറിയൽ ഇൻസൈറ്റ്സിലേക്ക് എല്ലാാവർക്കും സ്വാഗതം!
പണത്തിന്റെ ആവശ്യം വന്നാൽ പണം തന്നെ വേണം. അപ്പോൾ എന്താണ് മാർഗ്ഗം, ഒന്നുകിൽ ബാങ്കിൽ പോയി പേഴ്സണൽ ലോണോ, ഈട് വെച്ചുള്ള ലോണോ എടുക്കും. സിബിലും കൃത്യമായ വരുമാനവും ഇല്ലാത്തവർ ബ്ലേഡ് പലിശക്കാരെ ആശ്രയിക്കും. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേൾക്കുന്ന വാർത്തകൾ എന്താണ്? കടബാധ്യതയിൽ ജീവൻ ഒടുക്കുന്നുവർ, കുടുംബ ആത്മഹത്യകൾ, ജപ്തി മൂലം വഴിയാധാരമായവർ!
എന്നാൽ മക്കളുടെ കല്യാണ ആവശ്യത്തിന്, വീട് വെക്കാൻ, വിദ്യാഭ്യസത്തിന്, ബിസിനസ്സ് തുടങ്ങാൻ.. അങ്ങനെ വലിയ തുകകൾ ആവശ്യമുള്ള സാധാരണക്കാരന് കഴിഞ്ഞ ഒരുനൂറ്റാണ്ടിലധികമായി സഹായവും താങ്ങും തണലും ആയിരിക്കുന്ന ഒന്നുണ്ട്. മലബാറിൽ പലയിടങ്ങളിലും പ്രചാരത്തിലിരിക്കുന്ന ധനസമാഹരണ മാർഗ്ഗം, പണപ്പയറ്റ്! പലിശയില്ലാത്ത, ഈട് ആവശ്യമില്ലാത്ത ഫണ്ടിംഗ് രീതി. ലോകത്ത് ഇങ്ങനെയൊരു ഫണ്ട് ഇതുമാത്രം!

ഇളം ഓലകൾ തൂക്കിയിട്ട ഒരു ചെറിയ നാടൻ ചായക്കട ആണ് വേദി. അവിടേക്ക് കൂലിപ്പണിക്കാരനും സാധാരണക്കാരായ മനുഷ്യരും നാട്ടിലെ പണക്കാരും ഒക്കെ വന്നുപോകുന്നു. വരുന്നവർക്കൊക്കെ പൊറോട്ടയും ഇറച്ചിക്കറിയും സൽക്കാരമായി ഉണ്ടാകും. അവിടെ വരുന്നവർ തങ്ങൾക്കാകുന്ന ഒരു സംഖ്യ അവിടിരിക്കുന്ന ആളെ ഏൽപ്പിക്കുന്നു. അയാൾ ആ കാശ് എത്രയെന്നും അതാരാണ് തന്നതെന്നും കൃത്യമായി മുന്നിലെ ബുക്കിൽ എഴുതും. മണിക്കൂറുകൾ കഴിയുമ്പോൾ ആരാണോ ആ സൽക്കാരം സംഘടിപ്പിച്ചത്, അയാൾക്ക് ആവശ്യമുള്ള തുക അവിടെ പിരിഞ്ഞ് വന്നിട്ടുണ്ടാകും, അത് പതിനായിരമാകാം, ലക്ഷമാകാം, പത്ത് ലക്ഷമാകാം. ഇതാണ് പയറ്റ്, പണപ്പയറ്റ്- മലബാറിന്റെ മാത്രം ധനസമാഹരണ രീതി. ഒരുപക്ഷേ മലബാറിന് മാത്രം കഴിയുന്ന ഒന്ന്! അങ്ങനെ പറയാൻ കാരണമുണ്ട്! വഴിയേ പറയാം.

മഴമാറി, വെയിലുവന്ന് നാടിന്റേയും നാട്ടാരുടേയും മനം തെളിയുമ്പോഴാണ് പണപ്പയറ്റ് നടക്കുക. മഴസമയത്ത് ആള് വരാനും മറ്റും പ്രയാസമായതുകൊണ്ട് സാധാരണ പയറ്റിന്റെ എണ്ണം കുറവാണ്. എല്ലാവർക്കും ഒരു വരുമാനം ഉറപ്പുള്ള സമയത്താണ് പയെറ്റെന്ന പണ സമാഹരണം തുടങ്ങുക. നല്ല കാലം നോക്കി പയറ്റിയാൽ ലക്ഷക്കണക്കിന് രൂപ വരെ സമാഹരിക്കുന്നവരുണ്ട്. പാറോളതിൽ മോഹനൻ, വലിയ കണ്ടിയിൽ ഇസ്മയിൽ, കണ്ടവലിയത്ത് രാജൻ, പടിഞ്ഞാറക്കണ്ടി കുമാരൻ, ചെറിയ പറമ്പത്ത് അബുള്ള ഹാജി, മാക്കൂൽ കുഞ്ഞാലി, കുന്നത്ത് മൊയ്തു..അങ്ങനെ നാട് മുഴുവൻ പയറ്റിനെത്തും. അതിൽ ജാതിയോ മതമോ രാഷ്ട്രീയമോ തിരയാറില്ല. ആവശ്യക്കാരന് പണം കണ്ടെത്താൻ ഒരു നാട് മുഴുവൻ ഒന്നിച്ച് നിൽക്കുന്ന ഒരു നിശബ്ദ ധനാകർഷണ പരിപാടിയാണ് പണപ്പയറ്റ്! പണപ്പയറ്റിന് പല വിശദീകരണങ്ങളും പറയാറുണ്ടെങ്കിലും എനിക്ക് തോന്നുന്നത്, ഒരാളുടെ ജീവിതത്തിലെ പണം തികയാത്ത സംഘർഷാവസ്ഥയെ ഒരു നാട് മുഴുവനായി നിന്ന് പയറ്റി തോൽപ്പിക്കുന്ന ഒന്നാണെന്ന് ആണ്. കാരണം പണപ്പയറ്റിന്റെ പ്രത്യേകത തന്നെയാണ്.
പണം കൊണ്ടുള്ള പയറ്റ്.

സാമ്പത്തികമായ ആവശ്യങ്ങളോ, സാമ്പത്തിക ഭാരമോ ഉണ്ടാകുമ്പോ, സുഹൃത്തുക്കളോടും അറിയാവുന്നവരോടും പറഞ്ഞ് പയറ്റ് നടത്തും. ക്ഷണം കിട്ടിയ മിക്കവാറും എല്ലാവരും അതിൽ പങ്കെടുക്കും. പെൺകുട്ടികളെ കല്യാണം കഴിച്ച് കൊടുക്കാൻ പ്രയാസപ്പെടുന്ന രക്ഷിതാക്കള്, ഒരു വീട് വെക്കാൻ നേരം അതിന് തികയാതെ വന്ന പണം കണ്ടെത്താൻ ശ്രമിക്കുന്നവര്, ഒരു ബിസിനസ്സ് തുടങ്ങാനുള്ള മൂലധന ആവശ്യത്തിന്, ഒരു അടിയന്തിര ആവശ്യത്തിന് പണം ആവശ്യമുള്ളവര്… അങ്ങനെ സാമ്പത്തിക ആവശ്യം ഉള്ള ഒരു കുടുംബത്തെ, വലിയ പ്രയാസത്തിലേക്ക് തള്ളിവിടാതെ ഒരു നാട് ഒപ്പം നിന്ന്, അൽപ്പാൽപ്പം, തന്നാലാകുന്ന ചെറിയ തുക, അത് ആയിരമോ, അഞ്ഞൂറോ, രണ്ടായിരമോ തുടങ്ങി ചെറിയ സംഖ്യകളിലൂടെ ഒരു വലിയ തുക സമാഹരിച്ചെടുക്കുന്ന അനന്യമായ സാമ്പത്തിക സമാഹരണ രീതിയാണിത്. പരസ്പരം അറിയാവുന്ന നാട്ടുകാർക്കും പരസ്പര വിശ്വാസമുള്ള ഒരു സമൂഹത്തിനും മാത്രം ചെയ്യാൻ കഴിയുന്ന ഒരു ഫണ്ട് റെയ്സിംഗ് രീതി.
ഒരാൾ പണപ്പയറ്റിന്റെ കാര്യം കുറിയിലൂടെ, അതായത് ഒരു ചെറിയ കാർഡിൽ എഴുതിയോ പ്രിന്റ് ചെയ്തോ ആളുകളെ കണ്ട് ഒരു ദിവസം നിശ്ചയിച്ച് ക്ഷണിക്കുന്നു. പയറ്റ് ദിവസം ക്ഷണം കിട്ടിയ ഏതാണ്ട് എല്ലാവരും പയറ്റിൽ പങ്കെടുക്കും. അവർക്കായി ചെറിയ സൽക്കാരം ഒരുക്കിയിട്ടുണ്ടാകും. വന്നവർ തന്നാൽ ആവുന്ന ഒരു സംഖ്യ പയറ്റും.. ഇതിന്റെ പ്രത്യേകത എന്തെന്നാൽ, ഒരാൾ നടത്തുന്ന പണപ്പയറ്റിൽ നിങ്ങൾ നൽകുന്ന തുക നിങ്ങളുടെ ഒരാവശ്യം വരുമ്പോ തിരിച്ച് കിട്ടും എന്ന ഉറപ്പാണ്. പണപ്പയറ്റ് പുസ്തകം ഒരു അസാധാരണ രേഖയാണ്. അത് സർക്കാരിന്റേയോ കോടതിയുടേയോ രജിസ്ട്രാറുടേയോ മുന്നിലുള്ള രേഖയല്ല, വിശ്വസ്യതയുള്ള ഹൃദയങ്ങൾക്കിടയിലെ രേഖ. പയറ്റ് കഴിഞ്ഞ വീട്ടിലെത്തിയ ശേഷം ആ പയറ്റ് പുസ്തകത്തിൽ കൂട്ടിച്ചേർക്കലോ, തിരുത്തലോ, വെട്ടലോ പാടില്ല എന്ന അലിഖിതമായ നിയമം ഉണ്ട്. പയറ്റ് ബുക്കിൽ എഴുതിയ പേര് തെറ്റിയെന്നു വെക്കൂ, അതുപോലും തിരുത്തി ശരിയാക്കാൻ നിൽക്കേണ്ട. എല്ലാവരുടേയും മുന്നിൽ വെച്ച് എഴുതിയത് എഴുതി, പിന്നീട് തിരുത്തണ്ട! അതാണ് രീതി.

മലബാറിന്റെ സാമൂഹിക ബന്ധത്തിന്റെ അളവ് കോലാണ് പണപ്പയറ്റ്! അത് കുറച്ച് ബന്ധുക്കളെ വിളിച്ച് കൂട്ടി നടത്തുന്ന ഏർപ്പാടല്ല, ഒരാൾക്ക് ആരേയൊക്കെ അറിയാം, അവരെയെല്ലാം വിളിക്കും. ചിലപ്പോൾ ആ നാടാകെ എത്തും. ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും വലതുപക്ഷവും ഇടതുപക്ഷവും പക്ഷമില്ലാത്തവനും.. എല്ലാം..
പയറ്റിൽ പങ്കെടുക്കുന്നവരെ പുള്ളി എന്ന് കണക്കാക്കുക. താങ്കൾക്കെത്ര പുള്ളി ഉണ്ടെന്ന് ചോദിച്ചാൽ പയറ്റിൽ എത്രപേരെ എത്തിക്കാനാകും എന്നാണ്? 100 പുള്ളിമുതൽ ആയിരമോ അതിലധികമോ പുള്ളിയുള്ള പയറ്റുകാരുണ്ടാകും. അത് ഓരോരുത്തരുടെ സാമൂഹിക ബന്ധം പോലിരിക്കും. കിട്ടിയ വലിയ തുക തിരിച്ച് കൊടുക്കേണ്ടി വരുന്നതിലെ കാലാവധിയുടെ അവധിയാണ് മറ്റൊരു പ്രത്യേകത. ഒരാൾ 5 ലക്ഷം പയറ്റി സ്വരൂപിച്ചാൽ ആയിരമോ, രണ്ടായിരമോ രൂപയായി പല കാലങ്ങൾ കൊണ്ട് ചിലപ്പോൾ അത് പത്തോ പതിനഞ്ചോ വർഷം ആകാം, പലർക്കായി തിരികെ കൊടുക്കുന്ന സമ്പ്രദായമാണ്. നേരത്തേ നടത്തിയ പയറ്റിലെ പണം എല്ലാവർക്കും കൊടുത്ത് തീരും മുമ്പ് പണത്തിന്റെ ആവശ്യം വേണ്ടി വന്നാൽ വീണ്ടും പയറ്റ് നടത്താം. പയറ്റ് നടത്തി പണം സ്വരൂപിക്കുന്നതും, തന്നവർക്ക് അവരുടെ പയറ്റ് നാളുകളിൽ തിരികെ കൊടുക്കുന്നതും, പിന്നേയും പയറ്റുന്നതും.. ഒരു തുടർ പ്രക്രിയ പോലെ, ചെയിൻ പ്രൊസസായി അങ്ങ് മുന്നോട്ട് പോകും, തലമുറകൾ നീളുന്ന അസാധാരണമായ ഒരു സാമ്പത്തിക ബന്ധവും വിശ്വാസ്യതയും, അതാണ് പണപ്പയറ്റ്! ഈട് വേണ്ട, കടം വാങ്ങേണ്ട, പലിശ ഏറുന്ന ലോൺ എടുക്കേണ്ട!
പണപ്പയറ്റിന്റെ ഏറ്റവും വലിയ അട്രാക്ഷൻ ഈ വാങ്ങിയ തുക തിരികെ കൊടുക്കുന്നത് എത്രവർഷം കഴിഞ്ഞാണെങ്കിലും ആ തുക മാത്രമാണ് എന്നതാണ്. 1990-ൽ പയറ്റിൽ നിങ്ങൾ എനിക്ക് 100 രൂപ തന്നെങ്കിൽ ഇന്ന് നിങ്ങൾ പയറ്റ് നടത്തുമ്പോൾ 100 രൂപ മാത്രമാണ് ഞാൻ തിരികെ നൽകാൻ ബാധ്യസ്ഥ. അതായത് 25 വർഷം മുമ്പ് പയറ്റിനിട്ട പണമേ ഇന്ന് തിരികെ തരേണ്ടി വരുന്നുള്ളൂ, 25 വർഷത്തിനിടിയിലെ ഇൻഫ്ലേഷനോ, പലിശയോ ഒന്നും പയറ്റിലെ മുതലിന് ബാധകമല്ല! ചിലപ്പോൾ ഞാൻ 200 രൂപ തരും, ആ അധികമായ 100 രൂപ എന്റെയോ എന്റെ മക്കളുടേയോ അടുത്ത പയറ്റിലേക്ക് നിങ്ങൾ തിരികെ തരാൻ വേണ്ടി ഞാൻ ഇന്നേ തന്നുവെയ്ക്കുന്ന അഡ്വാൻസ് നിക്ഷേപമാണ്. ഞാൻ ഇനി പയറ്റ് നടത്താൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ കേവലം നിങ്ങൾ തന്ന ആ 100 രൂപ തിരികെ തന്ന് എനിക്ക് താങ്കളോടുള്ള സാമ്പത്തിക കടപ്പാട് അവസാനിപ്പിക്കാം.

പയറ്റ് നടത്തി നേടിയ പണം, അത് തന്നവർക്കെല്ലാം അവരുടെ പയറ്റിൽ വെച്ച് തിരികെ കൊടുത്തേ പറ്റൂ, ഇല്ലെങ്കിൽ അയാളുടെ ആ നാട്ടിലെ നാടൻ സിബിൽ സ്കോറിനെ അത് ബാധിക്കും, അതായത്, പയറ്റ് പണം പോലും തിരികെ കൊടുക്കാത്തവനാണ് എന്ന പേര് ദോഷം വീഴും. അത് ബാങ്ക് സിബിലിനേക്കാൾ ഗുരുതരമാണ്, കാരണം നാടാണ്! മാനവും പേരും പോകുന്ന പണിയാകും അത്. ബാങ്കിലെ സിബിൽ സ്കോർ ബാങ്കും നിങ്ങളും മാത്രമേ അറിയൂ, പണപ്പയറ്റിൽ തരികിട കാണിച്ചാൽ നാട് മൊത്തം അറിയും. അത്രതന്നെ!
ഏതാണ്ട് 7 വർഷം മുമ്പ്, ചാനൽ അയാം പണപയറ്റിനെക്കുറിച്ച് വിശദമായ സ്റ്റോറി ചെയ്തിരുന്നു. വടകരയിലെ വാണിമേലിലുള്ള വയൽപ്പീടിക എന്ന സ്ഥലത്തുള്ള ഒരു ചായപീടികയിൽ പോയി ആ നാടിന്റെ ഇടവഴിയിലൂടെ നടന്നും, പതിറ്റാണ്ടുകളായി പണപയറ്റിൽ പങ്കെടുക്കുന്നവരായ നാട്ടുകാരായ ടിപി കുഞ്ഞബ്ദുള്ള മാസ്റ്റർ, എം എ വാണിമേൽ, കുന്നിയുള്ളതിൽ ബാലകൃഷ്ണൻ, പറമ്പത്ത് അഹമ്മദ് കുട്ടി മാഷ് എന്നിവരെ കണ്ടും സംസാരിച്ചും ചെയ്ത സ്റ്റോറിയായിരുന്നു അത്. ഒരുപക്ഷെ, ഒരു മീഡിയ ചെയ്ത വിശദമായ ആദ്യ സ്റ്റോറി. അത് കണ്ട് പലരും പല നാളായി പണപയറ്റിനെക്കുറിച്ച് വിശദമായ പറയണമെന്ന് ആവശ്യപ്പെട്ട് മെസ്സേജ് അയച്ചിരുന്നു, വിദേശമലയാളികളാണ് കൂടുതലും അറിയാൻ ആഗ്രഹം പ്രകടിപ്പിച്ചത്. അതുകൊണ്ടാണ് ഇത്തവണ എഡിറ്റോറിയൽ പണപ്പയറ്റ് ആക്കിയത്.

അതായത് പണത്തിന് ആവശ്യമുള്ള ഒരാൾക്ക് ബാങ്കിൽ പോയി പണം വാങ്ങേണ്ടുന്ന ഒരാവശ്യവും വരാത്തവിധം, ശക്തവും, സംഘടിതവും, സുതാര്യവും, വിശ്വാസ്യതയുമുള്ള പൗരാണികമായ നിക്ഷേപ, ധനസമാഹരണ രീതിയാണ് പണപയറ്റ്. ഒരാൾ അയാളുടെ ആവശ്യത്തിന് പണം സ്വരൂപിക്കുന്നു, നൂറുകണക്കിനാൾക്കാർ അവരുടെ നാളത്തെ ആവശ്യത്തിനായി ഇന്ന് ചെറിയ ഒരു തുക നിക്ഷേപിച്ച് വെക്കുന്നു. പലിശ എന്ന ദുർഭൂതം നാട്ടിൽ പടരാതിരിക്കാനുള്ള പ്രായോഗികമായ സമ്പ്രദായം ആണ് പണപ്പയറ്റ്. പണപയറ്റ് നടത്തി പണം സ്വരൂപിച്ച ആൾ മരിച്ച് പോവുകയോ, അയാൾക്ക് തിരികെൊടുക്കാൻ നിർവ്വാഹമില്ലാതാകുകയോ ചെയ്താൽ അയാളുടെ മക്കൾ പണം തന്നവരുടെ പയറ്റിൽ പങ്കെടുത്ത് തിരികെ വീട്ടും. ആലോചിക്കണം, എഗ്രിമെന്റോ, സെക്യൂരിറ്റി ചെക്കുകളോ, സാക്ഷിയോ ഒന്നുമില്ലാതെ, ഒരു ബുക്കിന്റെ താളിൽ കൈകൊണ്ട് എഴുതി ഒരാൾ സൂക്ഷിക്കുന്ന ഒരു രേഖയുടെ മാത്രം ബലത്തിലാണ് ലക്ഷങ്ങളുടെ ഈ പണമിടപാട്. പണം കൊടുത്തയാളുടെ കൈയ്യിൽ പ്രത്യേകിച്ച് ഒരു രേഖയും ഉണ്ടാകില്ല. പണം കൊടുത്തവനും വാങ്ങിയവനും ഇടയിലെ പാരസ്പര്യത്തിന്റെ വിശുദ്ധിയുള്ള ഉറപ്പ്! അതുമാത്രം!
പണ്ട് അണപൈസ നിലവിലുണ്ടായിരുന്ന കാലത്ത് ഒരു അണ, രണ്ടണ ഒക്കെ പയറ്റിയ കഥ പറയുന്ന ആൾക്കാരെ ഞാൻ എന്റെ നാട്ടിൽ കണ്ടിട്ടുണ്ട്. ആ അണപൈസ കണക്ക് എഴുതിയ പയറ്റ് പുസ്തകങ്ങൾ ഇപ്പോഴും ചിലർ സൂക്ഷിച്ച് വെച്ചിരിക്കുന്നു. ഇന്ന് 500, 1000 രൂപ ഒക്കെയാണ് മിനിമം പയറ്റ് തുക. പയറ്റ് നടക്കുന്ന സ്ഥലം, ആ നാടിന്റെ പരിശ്ചേദമായി മാറും. പാവപ്പെട്ടവും വലിയ ഭൂസ്വത്തുള്ള സമ്പന്നനും പയറ്റിനെത്തും. എല്ലാവരും ഒരേ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയും ചെയ്യും. പയറ്റുക, കുത്തുക, വെട്ടുക എന്നൊക്കയാണ് പയറ്റ് പുസ്തകത്തിൽ പേര് എഴുതുന്നതും വെട്ടിമാറ്റുന്നതിനുമൊക്കെ ഉപയോഗിക്കുന്ന പദങ്ങളും.

ആദ്യം പറഞ്ഞില്ലേ, വടക്കേ മലബാറിന് മാത്രം പറ്റുന്ന ഒന്നാണെന്ന്! അതിന് കാരണം, പണപ്പയറ്റ് പരസ്പരം അറിഞ്ഞ് കൊണ്ട്, ഹൃദയം കൊണ്ട് ഐക്യപ്പെട്ട് നടത്തുന്ന സാമ്പത്തിക ഇടപാടാണ്. ജാതിയോ മതമോ നോക്കാതെ, സാമ്പത്തിക ഉച്ചനീചത്വം അളക്കാതെ ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ഒരുനാടിന് അത് ചെയ്യാനാവുമെങ്കിൽ അത് ഉത്തര കേരളത്തിന് മാത്രം പറ്റുന്ന ഒന്നാകും. വരമ്പുകൾ കൊണ്ട് മനസ്സുകൾക്കിടയിൽ വൈരം തീർക്കാത്ത ചില മനുഷ്യരുടെ ഗുണം! കാരണം മറ്റെങ്ങും ഞാൻ കേട്ടിട്ടില്ല ഇത്ര യുണീഖായ ഒരു ക്രൗഡ് ഫണ്ടിംഗ് രീതി. മലബാറിന്റെ ഹൃദയശുദ്ധിയാണ്, ചെറിയ വരുമാനക്കാരായ മനുഷ്യരെയും പ്രമാണിമാരേയും ഒന്നിച്ച് വേദിയിലെത്തിക്കാൻ കഴിയുക എന്നത്. ഏതെങ്കിലും മത-സാസ്ക്കാരിക സംഘടനയോ, രാഷ്ട്രീയ പാർട്ടിയോ ഒന്നുമല്ല പണപ്പയറ്റിന് ആളെ വിളിക്കുന്നത്, പണം ആവശ്യമുള്ള വ്യക്തിയാണ്. മനുഷ്യ ബന്ധത്തിന്റെ ഊഷ്മളത കുറഞ്ഞും നേർത്തും വരുന്ന ഇക്കാലത്ത് പണപ്പയറ്റിന് ഈ പറഞ്ഞ തിളക്കമുണ്ടെന്ന് ഞാൻ അവകാശപ്പെടില്ല. പക്ഷെ രാഷ്ട്രീയവും ജാതിയും വൈരം തീർത്ത ഇരുണ്ട കാലത്തും ലഹള നടന്ന സമയത്തും ഉത്തരമലബാറിൽ പണപ്പയറ്റ് നടന്നിട്ടുണ്ട്! ആളുകൾ പങ്കെടുത്തിട്ടുമുണ്ട്. ഇത്തരമൊരു സാസ്ക്കാരികമായ ഫണ്ട് റൈസിംഗ് നിങ്ങളുടെ നാട്ടിലുണ്ടായിട്ടുണ്ടോ? കല്യാണത്തിന് എല്ലാവരും പങ്കെടുത്ത് ചെറിയ സഹായം ആ കുടുംബത്തിന് കൊടുക്കുന്നത് എല്ലാ നാടുകളിലുമുണ്ട്. അതല്ല, ഏതാവശ്യത്തിനും ഒരു സൽക്കാരത്തിന്റെ വേദിയിൽ തനിക്കാവശ്യമുള്ള പണം ഏതാനും മണിക്കൂറുകൾ കൊണ്ട് കളക്റ്റ് ചെയ്യുന്ന പണപ്പയറ്റ് പോലെ ഒന്ന് മറ്റെവിടെയെങ്കിലും ഉണ്ടോ? ഉണ്ടെങ്കിൽ പറയൂ…
Pannappayatt is a unique community-based fundraising system from North Kerala where people come together to help someone in need by contributing small amounts of money. It is used for weddings, building homes, starting businesses, or medical needs—without interest, loans, or legal documents. Everything runs on trust, and the contributed amount is returned only when the giver hosts their own payatt in the future. This tradition, deeply rooted in Malabar’s culture, shows the strength of social bonds and mutual support in the region.