ബ്രിട്ടീഷ് രാജകുടുംബത്തിന്റെ റോയൽ ട്രെയിൻ (Britain’s Royal Train) 2027ഓടെ നിർത്തലാക്കും. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. ചിലവ് ലാഭിക്കൽ നടപടിയുടെ ഭാഗമായി ട്രെയിൻ നിർത്തലാക്കുകയാണെന്ന് ബക്കിംഗ്ഹാം കൊട്ടാര പ്രതിനിധി അറിയിച്ചു.

1842ലാണ് ട്രെയിൻ ആരംഭിച്ചത്. വിക്ടോറിയ രാജ്ഞിയാണ് (Queen Victoria) ആദ്യമായി റോയൽ ട്രെയിനിൽ യാത്ര ചെയ്ത രാജകുടുംബാംഗം. സ്ലീപ്പിംഗ് ക്വാർട്ടേർസ്, ഓഫീസ് തുടങ്ങിയവ ഉൾപ്പെടെ നിരവധി സജ്ജീകരണങ്ങളാണ് റോയൽ ട്രെയിനിൽ ഉള്ളത്. 1977ൽ എലിസബത്ത് രാജ്ഞിയുടെ (Queen Elizabeth II) രജത ജൂബിലിക്കായി പ്രത്യേക റോയൽ ട്രെയിൻ അവതരിപ്പിക്കപ്പെട്ടു. പിന്നീട് രാജ്ഞിയുടെ ഗോൾഡൻ-ഡയമണ്ട് ജൂബിലി ആഘോഷങ്ങളിലും ട്രെയിൻ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് ട്രെയിനിന്റെ പ്രവർത്തനം.
50000 പൗണ്ടോളമാണ് ഓരോ യാത്രയിലും ബ്രിട്ടീഷ് രാജകുടുംബത്തിന് റോയൽ ട്രെയിനിലൂടെ ചിലവാകുന്നത്. മെയിന്റെനൻസ് പോലുള്ളവ ഇതിനു പുറമേ വരും. ഈ സാഹചര്യത്തിലാണ് 2027ന് ശേഷവും റോയൽ ട്രെയിൻ ഡീകമ്മീഷൻ ചെയ്യാനുള്ള തീരുമാനം. രാജകുടംബാംഗങ്ങൾ യാത്രകൾക്കായി കൂടുതലും ഹെലികോപ്റ്റർ പോലുള്ളവ ഉപയോഗിക്കുന്നതിലേക്ക് മാറിയതും ഈ തീരുമാനത്തെ സ്വാധീനിച്ചു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ (King Charles III) ഫെയർവെൽ ടൂറോടെയാകും ട്രെയിൻ പ്രവർത്തനം അവസാനിപ്പിക്കുക എന്നാണ് റിപ്പോർട്ട്. അതിനുശേഷം ട്രെയിൻ ഭാഗങ്ങൾ മ്യൂസിയത്തിലേക്ക് മാറ്റുന്നതിനു അടക്കമുള്ള തീരുമാനങ്ങളും ഉണ്ടായേക്കും.
The British Royal Train, in service since 1842, will be retired by 2027 as part of cost-cutting measures by the Royal Family.