ചൈനീസ് ബന്ധം പൂർണമായും ഒഴിവാക്കി ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്ഫോമായ പേടിഎം (Paytm). ഉടമസ്ഥാവകാശം, ഓഹരി പങ്കാളിത്തം തുടങ്ങിയവയിൽ കമ്പനി പൂർണമായും ചൈനീസ് ബന്ധം ഒഴിവാക്കിയിരിക്കുകയാണ്. ചൈനീസ് കോടീശ്വരൻ ജാക്ക് മായുടെ (Jack Ma) ആന്റ് ഫിനാൻഷ്യൽസിന് (Ant Financial) പേടിഎം മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻസിൽ (One97 Communications) 5.84 ശതമാനം ഓഹരികളാണ് ഒടുവിൽ ഉണ്ടായിരുന്നത്. ഈ ഓഹരികൾ 3800 കോടി രൂപയ്ക്ക് ആന്റ് വിറ്റഴിച്ചതോടെയാണ് പേടിഎം 100% ഇന്ത്യൻ കമ്പനിയായി മാറിയിരിക്കുന്നത്.
പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മയുടെ (Vijay Shekhar Sharma) പുതിയ നീക്കത്തിന്റെ പശ്ചാത്തലത്തിൽ, പേടിഎം ഇപ്പോൾ ടാറ്റയെ പോലെ ഒരു ഇന്ത്യൻ കമ്പനിയായിരിക്കുന്നു എന്നാണ് വിപണി വിദഗ്ധർ വിശേഷിപ്പിക്കുന്നത്. നീക്കം പേടിഎമ്മിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ചൈനീസ് ബന്ധം അവസാനിപ്പിച്ചതിലൂടെ പേടിഎമ്മിന്റെ ജനസ്വീകാര്യത വർധിക്കുന്നതിനൊപ്പം പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെടുമെന്നാണ് നിരീക്ഷണം.

ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന പേടിഎമ്മിനെതിരെയുള്ള ആരോപണത്തിന് ഇതോടെ അറുതിയാകുകയാണ്. 100% ഇന്ത്യൻ കമ്പനിയായതോടെയാണ് ഈ ആശങ്ക പൂർണമായും ഒഴിയുന്നത്