ജിഎസ്ടി നിയമങ്ങളുടെ പരിഷ്കരണങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
‘നെക്സ്റ്റ്-ജെൻ’ പരിഷ്കാരങ്ങൾക്കായുള്ള രൂപരേഖയും പരിഷ്കരണവുമാണ് മുതിർന്ന മന്ത്രിമാർ, സെക്രട്ടറിമാർ, സാമ്പത്തിക വിദഗ്ധർ എന്നിവരടങ്ങിയ യോഗം ചർച്ച ചെയ്തത്.

അടുത്ത തലമുറ പരിഷ്കാരങ്ങൾക്കായുള്ള രൂപരേഖ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചതെന്ന് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു. സമൃദ്ധിക്ക് ഉത്തേജനം നൽകുന്ന തരത്തിൽ എല്ലാ മേഖലകളിലും വേഗത്തിലുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. ജീവിതം സുഗമമാക്കുന്നതിനും, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമാണ് ഈ പരിഷ്കാരങ്ങളെന്നും മോഡി കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ, ശിവരാജ് സിംഗ് ചൗഹാൻ, പിയൂഷ് ഗോയൽ, ലാലൻ സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷമാണ് ഉന്നതതല യോഗം നടന്നിരിക്കുന്നത്. ജിഎസ്ടി പരിഷ്കാരങ്ങളുടെയും നികുതി ഭാരം കുറയ്ക്കുന്നതിന്റെയും രൂപത്തിലുള്ള പരിഷ്കരണങ്ങളെ “ദീപാവലി സമ്മാനം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നേരത്തെ സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ജിഎസ്ടി നികുതിഘടന അടിമുടി മാറ്റുമെന്ന് മോഡി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു. 5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടാക്കി കുറയ്ക്കുമെന്നും നികുതി കുറയുന്നതോടെ വിലയും വൻതോതിൽ കുറയുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി.